ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം വഷളായി നിൽക്കുന്ന പശ്ചാത്തലത്തിലും, നവംബർ 20 മുതൽ 22 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) കൾച്ചറൽ ഡയലോഗ് ഫോറത്തിലേക്ക്ഇന്ത്യ പാകിസ്ഥാനെ ക്ഷണിച്ചു. പാകിസ്ഥാന്റെ ദേശീയ പൈതൃക സാംസ്കാരിക മന്ത്രി ഔറംഗസേബ് ഖാൻ ഖിച്ചി ഉൾപ്പെടെയുള്ളവർക്കാണ് ഡൽഹിയിൽ നടക്കുന്ന എസ്സിഒ കൾച്ചറൽ ഡയലോഗ് ഫോറത്തിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.
അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധം പുരോഗതിയില്ലാതെ തുടരുമ്പോഴും, നവംബർ 20 മുതൽ 22 വരെ ന്യൂഡൽഹിയിൽ വെച്ച് സംഘടിപ്പിക്കുന്ന ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷന്റെ ആദ്യത്തെ കൾച്ചറൽ ഡയലോഗ് ഫോറത്തിൽ പങ്കെടുക്കാൻ ഇന്ത്യ പാകിസ്ഥാനെ ക്ഷണിച്ചു. കൂട്ടായ്മയിലെ 10 അംഗരാജ്യങ്ങൾക്കും ക്ഷണക്കത്തുകൾ അയച്ചിട്ടുണ്ടെന്ന് ചൊവ്വാഴ്ച ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
അതേസമയം, ഇതൊരു ബഹുരാഷ്ട്ര കൂട്ടായ്മയുടെ ഭാഗമായുള്ള ക്ഷണമാണെന്നും പാകിസ്ഥാനോടുള്ള ഇന്ത്യയുടെ ഉഭയകക്ഷി സമീപനത്തിൽ മാറ്റമുണ്ടായതായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 2023 മെയ് മാസത്തിൽ ഗോവയിൽ നടന്ന എസ്സിഒ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് പാകിസ്ഥാൻ അവസാനമായി ഇന്ത്യയിൽ നടന്ന എസ്സിഒ യോഗത്തിൽ പങ്കെടുത്തത്.
ഡൽഹിയിലെ 16-ആം നൂറ്റാണ്ടിലെ പുരാതന കോട്ടയായ പുരാന ക്വിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടി ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 25-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കാൻ സാധ്യതയുള്ള ഈ ഫോറത്തിൽ, പരമ്പരാഗത സാംസ്കാരിക പൈതൃകം, സാംസ്കാരിക നയതന്ത്രം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ ചർച്ച ചെയ്യും.
മന്ത്രി ഔറംഗസേബ് ഖാൻ ഖിച്ചി ഇന്ത്യ സന്ദർശിക്കുകയാണെങ്കിൽ, 2023 മെയ് മാസത്തിൽ ഗോവയിൽ നടന്ന എസ്സിഒ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത അന്നത്തെ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിക്ക് ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യ പാകിസ്ഥാൻ മന്ത്രിയായിരിക്കും അദ്ദേഹം.
2025 സെപ്റ്റംബറിൽ ചൈനയിലെ ടിയാൻജിനിൽ നടന്ന എസ്സിഒ ഉച്ചകോടിയിലാണ് പ്രധാനമന്ത്രി മോദി ആദ്യമായി ഈ ആശയം മുന്നോട്ടുവെച്ചത്. പിന്നീട് സംഘടന ഇത് അംഗീകരിക്കുകയായിരുന്നു. തുടർന്ന്, 2026 ഒക്ടോബർ 20-ന് താജിക്കിസ്ഥാനിലെ ദുഷാൻബെയിൽ നടന്ന എസ്സിഒ ഗവൺമെന്റ് തലവന്മാരുടെ യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ത്യ ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കുമെന്ന് പ്രഖ്യാപിച്ചു.
2025 ഏപ്രിലിൽ 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ ആരംഭിച്ച ‘ഓപ്പറേഷൻ സിന്ദൂർ’പശ്ചാത്തലത്തിലാണ് ഈ നയതന്ത്ര നീക്കം നടക്കുന്നത്. വിവിധ അന്താരാഷ്ട്ര വേദികളിൽ ഭീകരവാദത്തിനെതിരെയുള്ള നടപടികൾക്കായി ഇന്ത്യ നിരന്തരം സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഒക്ടോബർ 20-ന് ദുഷാൻബെയിൽ നടന്ന എസ്സിഒ യോഗത്തിൽ സംസാരിക്കവേ, ഭീകരവാദം തുടച്ചുനീക്കാൻ സംയുക്ത പരിശ്രമം വേണമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആവശ്യപ്പെടുകയും ഭീകരവാദത്തെ ന്യായീകരിക്കുന്ന ഇരട്ടത്താപ്പുകളെ വിമർശിക്കുകയും ചെയ്തിരുന്നു.