നേപ്പാളിന് കൈത്താങ്ങായി ഇന്ത്യ; പ്രളയ പുനർനിർമ്മാണത്തിന് 15,000 കോടിയുടെ വൻ പാക്കേജ് പ്രഖ്യാപിച്ച് മോദി

ന്യൂഡൽഹി: പ്രളയത്തിൽ തകർന്ന പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിനായി നേപ്പാളിന് 24,000 കോടി നേപ്പാളി രൂപയുടെ (ഏകദേശം 15,000 കോടി ഇന്ത്യൻ രൂപ) സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് ഹിമാലയൻ രാഷ്ട്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വലിയ കരുത്തേകുന്ന ഈ പ്രഖ്യാപനമുണ്ടായത്.

രാജ്യത്തിന്റെ വികസനത്തെക്കുറിച്ചുള്ള 35-കാരനായ ഷായുടെ കാഴ്ചപ്പാടിനെ പ്രശംസിച്ച പ്രധാനമന്ത്രി മോദി, ഈ വർഷം നേപ്പാളിലെ ജനങ്ങൾ അദ്ദേഹത്തിന് നൽകിയ ചരിത്രപരമായ ജനവിധി രാജ്യത്തെ പുതിയ തലമുറയുടെ പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും പ്രതിഫലനമാണെന്നും പറഞ്ഞു. ഇന്ത്യയും നേപ്പാളും കേവലം അയൽരാജ്യങ്ങൾ മാത്രമല്ലെന്നും, വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും ആഴത്തിലുള്ള ബന്ധങ്ങളാൽ ബന്ധിക്കപ്പെട്ടിരിക്കുന്നവരാണെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി. നേപ്പാളിന് കാണ്ട്‌ല, പാരദ്വീപ് തുറമുഖങ്ങൾ ഉപയോഗിക്കാൻ അവസരമൊരുക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാനും, സമൂഹങ്ങളെ പുനർനിർമ്മിക്കാനും, വീടും ഉപജീവനമാർഗ്ഗവും നഷ്ടപ്പെട്ടവരെ സഹായിക്കാനും ഈ ധനസഹായം ഉപകരിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഓഗസ്റ്റ് 26-നുണ്ടായ മിന്നൽ പ്രളയത്തിൽ 1,500 പേർ കൊല്ലപ്പെടുകയും 5,200-ലധികം പേരെ കാണാതാവുകയും ചെയ്തിരുന്നു.

ഇന്ത്യ നേപ്പാളിന്റെ വിശ്വസ്ത പങ്കാളിയെന്ന് ബാലേന്ദ്ര ഷാ പറഞ്ഞു. ഇന്ത്യൻ നിക്ഷേപങ്ങൾക്ക് നേപ്പാളിൽ അവസരം ഒരുക്കും. നരേന്ദ്ര മോദിയെ ബലേന്ദ്ര ഷാ നേപ്പാളിലേക്ക് ക്ഷണിച്ചു. നരേന്ദ്ര മോദിയും ബലേന്ദ്ര ഷായും ചേർന്ന് സരയു-കമല ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് എടുത്തുപറഞ്ഞ ഷാ, ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്തതും ഹൃദയംഗമവുമായ ബന്ധം വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ലെന്നും വ്യക്തമാക്കി. പ്രതിസന്ധി ഘട്ടങ്ങളിലും ദുരന്തത്തിന് ശേഷവും ഇന്ത്യ നൽകിയ സഹായങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഇരു അയൽരാജ്യങ്ങളും തമ്മിലുള്ള ഐക്യദാർഢ്യവും പരസ്പര വിശ്വാസവും സഹകരണവും അദ്ദേഹം ഉയർത്തിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *