ചൈനയുടെയും പാകിസ്ഥാന്റെയുമടക്കം എതിരിടുന്നവരുടെ റഡാറിൽ യുദ്ധവിമാനം പെടില്ല,​ പരീക്ഷണവുമായി ഇന്ത്യ

ജോധ്പൂർ: ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡ് (എച്ച്എഎൽ)​ വികസിപ്പിച്ച ഭാരംകുറഞ്ഞ യുദ്ധവിമാനമായ തേജസിൽ നിർണായകമായൊരു പരീക്ഷണം നടത്തി ഡിആർഡിഒ. റഡാർ ആഗിരണം ചെയ്യുന്ന പെയിന്റ് പുരട്ടിയ തേജസ് എൽസിഎ യുദ്ധവിമാനം വിജയകരമായി പറക്കൽ പരീക്ഷണം നടത്തി.

ശത്രുവിന്റെ റഡാറിലേക്ക് പ്രതിഫലിക്കുന്ന വൈദ്യുതകാന്തിക ഊർജത്തിന്റെ അളവ് കുറയ്‌ക്കുന്ന സാങ്കേതിക വിദ്യയാൽ നിർമ്മിച്ച പെയിന്റാണ് ഈ തേജസ് വിമാനത്തിന് ഉപയോഗിച്ചത്. ജോധ്‌പൂരിലെ പ്രതിരോധ ലബോറട്ടറിയിലാണ് (Defence Laboratory, Jodhpur – DLJ) ഈ പെയിന്റ് വികസിപ്പിച്ചെടുത്തത്. ലബോറട്ടറിയിൽ ആദ്യം സ്വന്തമായി ഫില്ലറുകൾ വികസിപ്പിച്ചെടുത്തു. ഇതുപയോഗിച്ചാണ് പെയിന്റ് തയ്യാറാക്കിയെടുത്തത്. റഡാർ സിഗ്നൽ പരിധിയിൽ പരമാവധി ആഗിരണം ചെയ്യുമെന്ന് ഉറപ്പാക്കി ഫില്ലറുകളുടെ സാന്ദ്രതയും പെയിന്റിന്റെ കനവും ക്രമീകരിച്ച് ഒപ്‌ടിമൈസ് ചെയ്‌താണ് ഡിആർഡിഒ പരീക്ഷണ പറക്കൽ നടത്തിയത്.

റഡാർ ആഗിരണം ചെയ്‌ത പെയിന്റ് പൂശിയ പേലോട്,​ പറക്കുന്ന വിമാനത്തിൽ ഘടിപ്പിച്ച് പരീക്ഷിക്കുന്നതിലൂടെ വായുവിലെ ഇതിന്റെ ചലനം,​ കാലാവസ്ഥാ സാഹചര്യങ്ങൾ എന്നിങ്ങനെ പല ഘടകങ്ങളിൽ ഇതെങ്ങനെ പ്രവർത്തിക്കും എന്നത് നേരിട്ട് വിലയിരുത്താനായി. പുതിയ കാലത്തെ യുദ്ധവിമാനങ്ങളിൽ വൈദ്യുത കാന്തിക തരംഗ നിയന്ത്രണത്തിന് റഡാർ ആഗിരണം ചെയ്യുന്ന വസ്‌തുക്കൾ ഉപയോഗിക്കുന്നത് വളരെ പ്രധാനമാണ്. ഒരു വിമാനം സാധാരണഗതിയിൽ റഡാറിന്റെ പരിധിയിൽ വരുമ്പോൾ വൈദ്യുതകാന്തിക ഊർജത്തിന്റെ ഒരുഭാഗം റഡാർ റിസീവറിൽ തിരികെയെത്തും. വിമാനത്തിന്റെ റഡാർ ക്രോസ് സെക്ഷൻ (ആർസിആർ)​ നിശ്ചയിക്കുന്നത് ഈ തിരിച്ചെത്തുന്ന ഊർജത്തിന്റെ തീവ്രത അനുസരിച്ചാണ്.

മികച്ച ആഗിരണശേഷിയുള്ള പെയിന്റാണ് ഉപയോഗിക്കുന്നതെങ്കിൽ ഇങ്ങനെ തിരിച്ചെത്താവുന്ന ഊർജത്തിന്റെ ഒരുപങ്ക് കുറച്ച് റഡാർ സിഗ്നൽ ശക്തി കുറയ്‌ക്കാനാകും. ഇത്തരം ശേഷിയുള്ള വിമാനങ്ങളാണ് സ്റ്റെൽത്ത് വിമാനങ്ങൾ. പക്ഷെ റഡാർ ആഗിരണം ചെയ്യുന്ന ശേഷിയുള്ള പെയിന്റ് കൊണ്ട് മാത്രം വിമാനം സ്റ്റെൽത്ത് വിമാനമാകില്ല. അതിന്റെ ആകൃതി,​ ഉപരിതല വിന്യാസം,​ എൻജിൻ സവിശേഷത,​ ആയുധങ്ങളെ വഹിക്കുന്ന രീതി,​ ആന്റിനകളുടെ സാന്നിദ്ധ്യം,​ പാനൽ വിടവുകൾ എന്നിങ്ങനെ പല സവിശേഷതകൾ ചേർന്ന ആധുനിക വിമാനങ്ങളെയാണ് സ്റ്റെൽത്ത് വിമാനമായി കണക്കാക്കുന്നത്. ഈ സവിശേഷതകളെല്ലാം റഡാർ സിഗ്നലുകൾ നിയന്ത്രിക്കാൻ പ്രധാനമാണ്.

വിമാനങ്ങളുടെ പുറമേ മാത്രമല്ല ഘടനാപരമായ ഭാഗങ്ങളിൽ നിന്നടക്കം വൈദ്യുതകാന്തിക പ്രതിഫലനം റഡാറിലേക്ക് ഉണ്ടാകാം,​ അതിനാൽ ഇത്തരം പെയിന്റ് ഉപയോഗിക്കുകവഴി അത്തരം ഭാഗങ്ങളിൽ സിഗ്നൽ നിയന്ത്രണം സാധിക്കുകയും ശത്രുക്കൾക്ക് സാന്നിദ്ധ്യം അറിയാതിരിക്കാൻ ഇടയാക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *