ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന

നഗോയ: ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി ഇന്ത്യയുടെ ലൊവ്ലിന ബോർഗോഹെയ്ൻ. വനിതകളുടെ 75 കിലോഗ്രാം ബോക്സിംഗ് വിഭാഗത്തിൽ ചൈനയുടെ ബാവോ സിയിയെ തോൽപ്പിച്ച് ലൊവ്ലിന സ്വർണ മെഡൽ സ്വന്തമാക്കി. ഫൈനലിൽ ഏകപക്ഷീയമായ 5-0 വിജയമാണ് ഇന്ത്യൻ താരം നേടിയത്.

തന്റെ ജന്മദിനത്തിൽ തന്നെയാണ് ലൊവ്ലിന കരിയറിലെ നിർണായക നേട്ടങ്ങളിലൊന്ന് സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ ബോക്സറെന്ന ചരിത്ര നേട്ടവും ഇതോടെ ലൊവ്ലിന സ്വന്തമാക്കി. 2014ലെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ മേരി കോമാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ വനിതാ ബോക്സർ.

നിലവിലെ ഏഷ്യൻ ചാമ്പ്യൻഷിപ്പ് സ്വർണമെഡൽ ജേതാവായ ബാവോ സിയിക്കെതിരെയായിരുന്നു ലൊവ്ലിനയുടെ ഫൈനൽ പോരാട്ടം. തുടക്കം മുതൽ ആത്മവിശ്വാസത്തോടെയുള്ള പ്രകടനം പുറത്തെടുത്ത ഇന്ത്യൻ താരം മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തുകയായിരുന്നു.

സെമിഫൈനലിൽ കസാഖിസ്ഥാന്റെ ലോക ചാമ്പ്യൻ നതാല്യ ബൊഗ്ദനോവയെ 3-2ന് തോൽപ്പിച്ചാണ് ലൊവ്ലിന ഫൈനലിലെത്തിയത്. ക്വാർട്ടർ ഫൈനലിൽ ദക്ഷിണ കൊറിയയുടെ സിയോങ് സു-യോണിനെ 5-0നും തോൽപ്പിച്ചിരുന്നു.

2022ലെ ഹാങ്‌ചൗ ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടിയ ലൊവ്ലിന ഇത്തവണ അത് സ്വർണമാക്കി മാറ്റി. ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ താരത്തിന്റെ കരിയറിലെ മറ്റൊരു പ്രധാന നേട്ടമായും ഈ സ്വർണവിജയം മാറി. ഇതോടെ,​ 2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 70 ആയി. ഇതിൽ 12 സ്വർണം, 24 വെള്ളി, 34 വെങ്കലം എന്നിവ ഉൾപ്പെടുന്നു. മെഡൽ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *