പ്രതിഷേധം മുന്നിൽക്കണ്ട് ജാഗ്രത കാണിച്ചില്ല; മന്ത്രിമാരുടെ സുരക്ഷയിൽ പോലീസിന് വീഴ്ചയെന്ന് ഇന്റലിജന്‍സ് റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷ ഒരുക്കുന്നതിൽ പോലീസിന് വീഴ്ചയുണ്ടായെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. പ്രതിഷേധമുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടും പോലീസ് ജാഗ്രത കാണിച്ചില്ലെന്നാണ് റിപ്പോർട്ടിലെ വിമർശനം. പാർട്ടി ഓഫീസുകൾക്ക് സുരക്ഷ ഒരുക്കണമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥരെ നിയോഗിച്ചില്ലെന്നും കെ.എം. ഷാജിയെ 20 മിനിറ്റോളം വഴിയിൽ തടഞ്ഞിട്ടും പോലീസ് സാന്നിധ്യമുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരത്തെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഡിജിപി കമ്മീഷണറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

മന്ത്രിമാർക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തിപ്പെടുത്താൻ നിർദേശം നൽകി. ഇന്നും കരിങ്കൊടി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികളിലും യാത്രകളിലും കൂടുതൽ പൊലീസുകാരെ വിന്യസിക്കും. പ്രതിഷേധമുണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും നിർദേശമുണ്ട്. കെ.എം. ഷാജിക്കെതിരായ പ്രതിഷേധത്തിൽ പോലീസിന് വീഴ്ചയുണ്ടായെന്ന ആക്ഷേപം ശക്തമാണ്. സെക്രട്ടറിയേറ്റിൽ നിന്ന് അര കിലോമീറ്റർ അകലെ നടന്ന പ്രതിഷേധത്തിലുണ്ടായ സുരക്ഷാ വീഴ്ചയാണ് കൂടുതൽ ഗൗരവമായി ചൂണ്ടിക്കാണിക്കുന്നത്. വിഷയത്തിൽ കോൺഗ്രസ് നേതാക്കളും അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ കൊല്ലത്ത് നടന്ന കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് മന്ത്രിമാരെ വഴിയിൽ തടയുന്ന പ്രതിഷേധങ്ങൾ വ്യാപകമായത്. ഇതുസംബന്ധിച്ച് നേരത്തെ തന്നെ ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഡൽഹിയിൽ നിന്ന് എത്തി ഔദ്യോഗിക വസതിയിലേക്ക് പോകുന്നതിനിടെ ചാക്കയിൽ വെച്ച് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചപ്പോഴും പൊലീസ് സാന്നിധ്യമില്ലായിരുന്നുവെന്നാണ് വിമർശനം. മന്ത്രി ഒ.ജെ. ജനീഷിനെതിരെ നെയ്യാറ്റിൻകരയിലും തുടർന്ന് കെ.എം. ഷാജിക്കെതിരെയും നടന്ന പ്രതിഷേധങ്ങളിലും പൊലീസിന്റെ നിഷ്ക്രിയത്വം ചൂണ്ടിക്കാട്ടപ്പെടുന്നു. യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ സംഘർഷത്തിന് പിന്നാലെ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവർത്തകരും സമരവുമായി രംഗത്തുണ്ട്. ഇന്നലെ മാത്രം മന്ത്രി ഒ.ജെ. ജനീഷിനെ സമരക്കാർ എട്ടോളം തവണ വഴിയിൽ തടഞ്ഞതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *