ചണ്ഡീഗഡ്: വീണുമരിച്ചയാളുടെ ശരീരം ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾക്ക് ആംബുലൻസ് കിട്ടിയില്ല. ഒടുവിൽ ആശുപത്രിയിൽ എത്തിക്കാനായത് താൽക്കാലികമായി നിർമ്മിച്ച ഉന്തുവണ്ടിയിൽ. പഞ്ചാബിലെ മാൻസ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. മാതാ സുന്ദരി കോളേജിന് സമീപം കഴിഞ്ഞദിവസം രാത്രി വൈകിയാണ് കെട്ടിട നിർമ്മാണ തൊഴിലാളിയായ ഗുർദീപ് സിംഗ് വീണുമരിച്ചത്. മൃതദേഹം തുടർനടപടിക്ക് ആശുപത്രിയിലേക്ക് എത്തിക്കാൻ ആംബുലൻസ് സൗകര്യത്തിനായി 108 എമർജൻസി സേവനത്തിലേക്ക് ബന്ധുക്കൾ വിളിച്ചു. എന്നാൽ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ഒടുവിലാണ് ഉന്തുവണ്ടിയിൽ മൃതദേഹം എത്തിക്കേണ്ടി വന്നത്.
ശനിയാഴ്‌ച രാവിലെ മൃതദേഹം ആശുപത്രിയിലെത്തിക്കാൻ 108 ആംബുലൻസ് സർവീസിലേക്ക് ബന്ധുക്കൾ വിളിച്ചു. പക്ഷെ ഏറെ കാത്തിരുന്നിട്ടും ആരുടെയും സഹായം ലഭിച്ചില്ല. ഇതോടെ ഇവർ താൽക്കാലിക ഉന്തുവണ്ടി നിർമ്മിച്ച് മൃതദേഹം ആശുപത്രിയിൽ കൊണ്ടുപോകുകയായിരുന്നു. സംഭവത്തെക്കുറിച്ച് മാൻസ സിവിൽ ആശുപത്രി സീനിയർ മെഡിക്കൽ ഓഫീസർ ഡോക്‌ടർ ഗുർമേൽ സിംഗ് പ്രതികരിച്ചു. വിഷയം പരിശോധിച്ചെന്നും 108 ആംബുലൻസ് ഹെൽപ്‌ലൈനിൽ ഫോൺകോളുകളൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തിന് പിന്നാലെ പഞ്ചാബിലെ ആരോഗ്യസംവിധാനത്തിലെ കാര്യക്ഷമതയെക്കുറിച്ചുള്ള സർക്കാരിന്റെ അകാശവാദങ്ങളുടെ ആധികാരികതയെക്കുറിച്ച് വിവിധ കോണുകളിൽ നിന്ന് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.