ന്യൂഡൽഹി: ഡൽഹിയിലെ വസ്ത്രശാലയിൽ 18കാരിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വസ്ത്രശാലയിലെ ട്രയൽ റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. വെസ്റ്റ് ഡൽഹി സ്വദേശിയായ ശബ്നം എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് മുൻസുഹൃത്ത് സൂരജിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
മോതി നഗർ മെട്രോ സ്റ്റേഷന് സമീപമുള്ള ടെക്സ്റ്റൈൽസിലെ ജീവനക്കാരിയാണ് ശബ്നം. ശനിയാഴ്ച വൈകിട്ടാണ് കൊലപാതകം നടന്നത് എന്നാണ് വിവരം. ഷിഫ്റ്റ് അവസാനിക്കാറായ സമയത്ത് ഷോറൂമിലെത്തിയ പ്രതി ശബ്നത്തെ ട്രയൽ റൂമിലേക്ക് വിളിച്ചുകൊണ്ടുപോയി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കടന്നുകളയുകയായിരുന്നു. രാത്രി ഒമ്പതു മണിയോടെ ഷോറൂം അടയ്ക്കുന്നതിന് മുമ്പ് ജീവനക്കാർ ട്രയൽ റൂമുകൾ പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ ശബ്നത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
കൃത്യത്തിന് ശേഷം നഗരത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ടവർ ലൊക്കേഷൻ നിരീക്ഷിച്ച് പൊലീസ് പിടികൂടുകയായിരുന്നു. മുൻപ് അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും അടുത്തിടെ അകന്നിരുന്നു. പ്രണയപ്പകയാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.