തിരുവനന്തപുരം: 22 ദിവസമായി നിരാഹാര സമരത്തിൽ തുടരുന്ന എൽ.പി.എസ് .ടി റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതോടെ സമരത്തിൽ ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വളർമതിയെ അറിയിച്ചു. എന്നാൽ ചർച്ചയ്ക്ക് ശേഷം മാത്രമേ നിരാഹാരം പിൻവലിക്കുന്നതിനെ കുറിച്ച് ആലോചിക്കൂ എന്ന് വളർമതി വ്യക്തമാക്കി.
അതേസമയം വളർമതിയുടെ ആരോഗ്യസ്ഥിതി വിലയിരുത്താൻ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു. ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വളർമതിയെ മെഡിക്കൽ കോളജിലെ മെഡിസിൻ വകുപ്പ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ പരിശോധിച്ചു. ആശുപത്രി ഐ.സി.യുവിൽ വളർമതി നിരാഹാരം തുടരുരുകയാണ്. നിരാഹാരം തുടർന്നാൽ ജീവൻ അപകടത്തിലാകുമെന്ന് ആശുപത്രിയിലെ ഡോക്ടർമാർ വളർമതിക്ക് മുന്നറിയിപ്പ് നൽകി. നിർജലീകരണം സംഭവിച്ച് ഞരമ്പുകൾ ചുരുങ്ങിയതിനാൽ ഡ്രിപ്പ് ഇടുന്നതിന് ബുദ്ധിമുട്ടുണ്ട്. രക്തത്തിലെ ഇലക്ട്രോലൈറ്റുകൾ തീരെ കുറഞ്ഞെന്നും സോഡിയത്തിന്റെ അളവ് കുറഞ്ഞാൽ ബോധം നഷ്ടപ്പെട്ടുമെന്നുംഡോക്ടർമാർ അറിയിച്ചു. വളർമതിയെ ആശുപത്രിയിലേക്ക് മാറ്റിയതോടെ സമര പന്തലിൽ ഉദ്യോഗാർത്ഥി എം. ജയകൃഷ്ണനും നിരാഹാരം തുടരുകയാണ്.
ജനറൽ ആശുപത്രിയിലും നിരാഹാര സമരം തുടരുന്ന വളർമതിയെ ജില്ലാ കളക്ടർ കെ.എസ്. അഞ്ജു ആശുപത്രിയിൽ സന്ദർശിച്ചു. 22 ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന വളർമതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായ സാഹചര്യത്തിലാണ് കളക്ടർ ആശുപത്രിയിലെത്തിയത്. ഭക്ഷണം കഴിക്കണമെന്നും ആരോഗ്യനില മോശമാണെന്നും ജില്ലാകളക്ടർ വളർമതിയോട് പറഞ്ഞെങ്കിലും വളർമതി തയ്യാറായിട്ടില്ല. വളർമതിക്ക് മികച്ച ചികിത്സ നൽകുമെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു.സർക്കാർ ബലം പ്രയോഗിക്കില്ല. അവർ ആവശ്യപ്പെടാതെ ഡിസ്ചാർജ് ചെയ്യില്ല. മെഡിക്കൽ കോളജിലേക്ക് മാറ്റണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.