ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നിന്ന് ഞെട്ടിപ്പിക്കുന്ന മറ്റൊരു സംഭവം കൂടി പുറത്തുവന്നു. 17 വയസ്സുള്ള പെൺകുട്ടിയെ പാർക്കിനുള്ളിൽ വെച്ച് പോലീസുകാരായി ആൾമാറാട്ടം നടത്തിയ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി ആരോപണം. തിങ്കളാഴ്ച തെക്കൻ ഡൽഹിയിലെ കൽക്കാജി മന്ദിറിന് സമീപമാണ് ഈ ദാരുണ സംഭവം നടന്നത്.
തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെ പെൺകുട്ടി തന്റെ 17 കാരനായ ആൺസുഹൃത്തിനൊപ്പം കൽക്കാജി മന്ദിറിലെത്തിയിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷം ഇരുവരും രാത്രി 7:30 ഓടെക്ഷേത്രത്തിന് സമീപമുള്ള ഒരു പാർക്കിലേക്ക് പോയി. അവിടെയെത്തിയ 25 നും 30 നും ഇടയിൽ പ്രായമുള്ള മൂന്ന് പ്രതികൾ തങ്ങൾ പോലീസുകാരാണെന്ന് അവകാശപ്പെട്ട് ഇവർക്ക് അരികിലേക്ക് എത്തുകയായിരുന്നു. തുടർന്ന് പ്രതികൾ ഇരുവരെയും ഭീഷണിപ്പെടുത്തുകയും പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ചെയ്തതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു.
കൽക്കാജി മന്ദിറിനെയും ഇസ്കോൺ ക്ഷേത്രത്തെയും ബന്ധിപ്പിക്കുന്ന പാർക്കിൽ വെച്ച് ബലാത്സംഗം നടന്നതായി കാണിച്ച് രാത്രി 8:45 നാണ് പിസിആർ കോൾ ലഭിച്ചത്. തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തിയതായി അധികൃതർ വ്യക്തമാക്കി. ഡൽഹി സ്വദേശിയായ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി പോലീസ് അറിയിച്ചു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി.