തമിഴ്‌നാട്ടിൽ നിന്ന് ഇവ വ്യാപകമായി എത്തുന്നു, കേരളത്തിൽ ക്രിസ്‌മസ് കേക്കിന് വില കൂടുമെന്ന് ഉറപ്പ്

കോട്ടയം: വിലകൂടിയതോടെ നാടൻ മുട്ടയുടെ പേരിലും തട്ടിപ്പ്. തമിഴ്നാട്ടിൽ നിന്നെത്തുന്ന ബി.വി380 ഇനത്തിലെ കോഴികളുടെ മുട്ട നാടൻമുട്ടയെന്ന പേരിൽ വിൽക്കുന്നതായാണ് പരാതി. അതേസമയം മുട്ടവില വർദ്ധനവ് കേക്കുകളുടെ വിലകൂടാനും കാരണമാകുമെന്ന് വ്യാപാരികൾ പറയുന്നു.ബ്രൗൺ മുട്ടയ്ക്ക് മൊത്തവില 8 രൂപയും ചില്ലറവില 9 രൂപയുമാണ്. യഥാർഥ നാടൻ മുട്ടയ്ക്ക് 10 രൂപ വരെയാണ് സാധാരണ വില; ചിലയിടങ്ങളിൽ 12 രൂപയുമായി. നാടൻമുട്ടയുടെ ലഭ്യതക്കുറവും ആവശ്യക്കാരുടെ താത്പര്യവും മുതലെടുത്താണ് ഈ വില്പന.

ജില്ലയിൽ മുട്ടക്കോഴി കർഷകരുടെ എണ്ണം കുറഞ്ഞു. രോഗബാധയും തീറ്റച്ചെലവ് വർദ്ധനവും മൂലം നാടൻ കോഴികളെ വളർത്തുന്നത് പലരും അവസാനിപ്പിച്ചു. എന്നാൽ ഇപ്പോഴും നാടൻ കോഴിമുട്ടയ്ക്ക് ആവശ്യക്കാരേറെയാണ്. പോഷകഗുണത്തിൽ നാടൻ മുട്ട മുന്നിലാണെന്ന ധാരണയാണ് ഇതിന് കാരണം. ഇത് മുതലെടുത്താണ് തട്ടിപ്പ്.

നിറവും വലുപ്പവും നോക്കി മുട്ടയുടെ ഇനം തിരിച്ചറിയാമെന്നാണ് വ്യാപാരികൾ പറയുന്നത്. നാടൻമുട്ടയ്ക്ക് സാധാരണ 30-50 ഗ്രാം തൂക്കമാണുള്ളത്. തമിഴ്നാട്ടിൽ നിന്നുള്ള മുട്ടയ്ക്ക് 60-70 ഗ്രാം വരെയും. എന്നാൽ പോഷകഗുണത്തിൽ വെള്ളമുട്ടയും നാടൻമുട്ടയും തമ്മിൽ വലിയ വ്യത്യാസമില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. ലാർജ്, മീഡിയം, പുള്ളൻ എന്നിങ്ങനെ തരംതിരിച്ചു തരുന്ന മുട്ടകൾ ഇടനിലക്കാർ കൂട്ടിക്കലർത്തി ഉയർന്ന വിലയ്ക്കു വിൽക്കുകയാണ്.

ക്രിസ്മസ് ആഘോഷം മുന്നിൽകണ്ട് കോഴിമുട്ടയ്ക്കും മുട്ടൻവിലയാണ് വിപണിയിൽ. തമിഴ്നാട്ടിലെ ഇടനില കച്ചവടക്കാരാണ് വില ഉയർത്തിയിരിക്കുന്നത്. വെള്ളമുട്ടയുടെ വില പലയിടത്തും 8.50 രൂപ വരെയായി. കഴിഞ്ഞമാസം 6.40 രൂപ വരെയായിരുന്നു വില.

Leave a Reply

Your email address will not be published. Required fields are marked *