തനിഷ്‌ക് ജുവലറി കവർച്ച; മുഖ്യപ്രതി നിശാന്ത് അറസ്റ്റിൽ, പിടിയിലായത് സേലത്തേക്ക് പോയ ബസിൽനിന്ന്

ചെന്നൈ: മധുരയിലെ തനിഷ്‌ക് ജുവലറിയിൽ നിന്ന് 25 കോടിയിലേറെ രൂപയുടെ സ്വർണം കവർന്ന കേസിൽ മുഖ്യപ്രതി നിശാന്ത് പിടിയിൽ. സേലത്തേക്ക് പോയ ബസിൽനിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കാമുകിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ മീനാക്ഷിക്ക് വീട് പണിയാനും കടം തീർക്കാനുമാണ് ഇയാൾ കവർച്ച നടത്തിയതെന്നാണ് വിവരം. നേരത്തെ ഇയാളെത്തേടി ഹൈദരാബാദ്, ബംഗളൂരു, പൊള്ളാച്ചി എന്നിവിടങ്ങളിലേക്ക് രണ്ട് പ്രത്യേക സംഘങ്ങൾ പോയിരുന്നു.

അതേസമയം മീനാക്ഷിയെയും നിശാന്തിന്റെ പിതാവ് സുരേഷിനെയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത് പൊലീസ് ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. മൊഴി പ്രകാരം അഞ്ച് കിലോ സ്വർണവും കണ്ടെടുത്തിരുന്നു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കവർച്ച. നിരവധി തവണ നിശാന്ത് ഷോറൂമിലെത്തി. നവംബർ 5ന് പുലർച്ചെ മൂന്നിനും നാലിനും ഇടയിൽ ജ്വല്ലറിയുടെ ലിഫ്റ്റ്സ് മെയിന്റനൻസ് ഏരിയയിലൂടെ കടക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നാലെ 12ന് വീണ്ടുമെത്തി 20 കിലോയോളം സ്വർണാഭരണങ്ങൾ കവരുകയായിരുന്നു.

മധുരയിലെ കോളേജിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിക്കുമ്പോഴാണ് മീനാക്ഷിയെ പരിചയപ്പെടുന്നത്. പിന്നീട് നിശാന്ത് പഠനം ഉപേക്ഷിച്ചു. മീനാക്ഷിയുടെ യൂട്യൂബ് ചാനലിന്റെ വീഡിയോ എഡിറ്റിംഗ് ഉൾപ്പെടെ നിർവഹിക്കുന്നത് നിശാന്താണെന്നാണ് വിവരം. മോഷണമുതൽ മദകുളം ടാങ്കിന് സമീപത്തെ വയലിൽ ഒളിപ്പിക്കാനായിരുന്നു പദ്ധതി. മോഷണ ശേഷം പിതാവിനെ തിരുപ്പറങ്കുണ്ട്രത്തെ പാലത്തിനു സമീപം വിളിച്ചുവരുത്തി സ്വർണം ഏൽപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *