തിരുവനന്തപുരം: തലസ്ഥാനത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ ഇന്നലെ രാത്രി കല്ലേറുണ്ടായി. ഇന്ന് രാവിലെ ഓഫീസ് തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് മുൻവശത്തെ ചില്ലുകൾ കല്ലേറിൽ തകർന്നനിലയിൽ കണ്ടത്. ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസും ആക്രമിക്കപ്പെട്ടു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ബിജെപിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾക്കുനേരെ കരിങ്കൊടി പ്രതിഷേധം നടക്കുന്നുണ്ട്. ഇതിനുപിന്നാലെ ഇന്നലെ നെയ്യാറ്റിൻകരയിൽ കായിക മന്ത്രി ഒ ജെ ജനീഷിനെ യുവമോർച്ച പ്രവർത്തകർ വഴിയിൽ തടഞ്ഞിരുന്നു.
പത്താംകല്ലിലെ സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങിയ മന്ത്രിയെയാണ് യുവമോർച്ച പ്രവർത്തകർ തടഞ്ഞത്. കെ.എ.എല്ലിന് സമീപം മന്ത്രിയുടെ വാഹനം തടഞ്ഞ പ്രവർത്തകർ അദ്ദേഹത്തിന് നേരെ കരിങ്കൊടി വീശുകയും ചെയ്തു. ഇത് ബിജെപി-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷത്തിന് വഴിവച്ചു. ഇതിനിടെ അതുവഴി വന്ന ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജുവിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിലേക്ക് തള്ളിയിട്ടു. കൈയ്ക്ക് സാരമായി പരിക്കേറ്റ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിന്റെ ഭാഗമായാണ് ഇന്നലെ രാത്രി ഡിസിസി ഓഫീസിൽ കല്ലേറ് നടന്നതെന്നാണ് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്. സംഭവത്തിന് പിന്നാലെ ഡിസിസി ഓഫീസിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സന്ദർശനം നടത്തി. കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്ന് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.
നെയ്യാറ്റിൻകര പാലിയോട് ജംഗ്ഷനിലെ ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസ് അജ്ഞാതർ തീയിടുകയായിരുന്നു. കെട്ടിടവും ഇവിടെയുണ്ടായിരുന്ന ഫ്ലക്സ് ബോർഡുകളും കത്തിനശിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. നാട്ടുകാർ സമയോചിതമായി ഇടപെട്ട് തീയണച്ചു.