തിരുവനന്തപുരം: തലസ്ഥാനത്ത് രൂക്ഷമായ വെള്ളക്കെട്ട്. ശക്തമായ മഴയെത്തുടർന്നാണ് തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടത്. തമ്പാനൂർ, എസ്.എസ്. കോവിൽ റോഡ്, കവടിയാർ, കരമന തുടങ്ങിയ പ്രധാന ഭാഗങ്ങളിലെ റോഡുകൾ വെള്ളത്തിനടിയിലായി.. കിഴക്കേക്കോട്ടയിൽ ഒരു മണിക്കൂറിൽ പെയ്തത് 91 മില്ലിമീറ്റർ മഴ. തുലാവർഷ സമയത്ത് സാധാരണ ലഭിക്കുന്ന മഴയാണിതെന്ന് വിദഗ്ധർ പറയുന്നു.
വഞ്ചിയൂർ കോടതിക്ക് മുൻവശത്തെ റോഡ് വെള്ളത്തിൽ മുങ്ങി. തമ്പാനൂർ, കിഴക്കേക്കോട്ട എന്നിവിടങ്ങളിൽ അര മണിക്കൂറിനുള്ളിൽ പെയ്തത് 68 mm മഴയാണ്. മഴക്കാലപൂർവ ശുചീകരണത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ പൂർണപരാജയമെന്നാണ് പ്രതികരണം.ജില്ലയിലിന്ന് യെലോ അലർട്ടാണ് കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.
അതേസമയം സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം തിരുവനന്തപുരം കോര്‍പ്പറേഷനാണെന്ന് മുന്‍ മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. മഴക്കാല ശുചീകരണ പരിപാടി ജനപങ്കാളിത്തത്തോടെ നടത്തുന്നതാണ്. പൊതുമാരമത്ത് വകുപ്പ് , കോര്പ്പറേഷന് നാഷണല്‍ ഹൈവേ ഉള്‍പ്പടെയുള്ള വകുപ്പുകളുടെ ഓടകളാണ് നഗരത്തില്‍ ഉള്ളത് ഇതൊക്കെ വൃത്തിയാക്കി വെള്ളത്തിന് ഒഴുകി പോകാനുള്ള സംവിധാനം ഉണ്ടാക്കേണ്ടതാണ്. എന്നാല്‍ ഇത്തവണ മഴ പെയ്താല്‍ ഉണ്ടാകാനിടയുള്ള ഒരു പ്രവര്‍ത്തനങ്ങളും കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.