തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ രാഷ്ട്രീയ പാർട്ടികളുടെ മുഖപത്രങ്ങളും അനുബന്ധ മാസികകളും വിതരണം ചെയ്യുന്നത് നിരോധിച്ച് ജയിൽ ഡിജിപി എസ്. ശ്രീജിത്തിന്റെ ഉത്തരവ്. ഇനി മുതൽ വിലകൊടുത്തോ സ്പോൺസർഷിപ്പ് വഴിയോ രാഷ്ട്രീയ പാർട്ടികളുടെ പ്രസിദ്ധീകരണങ്ങൾ ജയിലുകളിൽ എത്തിക്കാൻ അനുവദിക്കില്ല.
ജയിൽ ഉപദേശക സമിതി അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്തെ 55 ജയിലുകളിലും വ്യാപകമായി ദേശാഭിമാനി പത്രവും അനുബന്ധ മാസികകളും വിതരണം ചെയ്യുന്നതിനെതിരെയായിരുന്നു പരാതി. തടവുകാർക്ക് വസ്തുനിഷ്ഠവും സത്യസന്ധവുമായ വാർത്തകൾ ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു.
ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരമാണ് ജയിൽ ഡിജിപി സർക്കുലർ പുറത്തിറക്കിയത്. നിലവിൽ സംസ്ഥാനത്തെ 55 ജയിലുകളിലും ദേശാഭിമാനി പത്രം വിതരണം ചെയ്തിരുന്നു.
തടവുകാർക്ക് ലഭ്യമാക്കേണ്ടത് വസ്തുനിഷ്ഠവും സത്യസന്ധവും രാഷ്ട്രീയ പക്ഷപാതരഹിതവുമായ വാർത്തകളും വിവരങ്ങളുമാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ പ്രസിദ്ധീകരണങ്ങൾ ജയിലുകളിൽ വിതരണം ചെയ്യുന്നത് ഉചിതമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
പുതിയ ഉത്തരവ് നടപ്പാക്കുന്നതിനാവശ്യമായ തുടർനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ജയിൽ ഉദ്യോഗസ്ഥർക്ക് ജയിൽ ഡിജിപി നിർദേശം നൽകി.
സംസ്ഥാനത്തെ 55 ജയിലുകളിലായി ഏകദേശം 11,100 തടവുകാരാണുള്ളത്. പുതിയ ഉത്തരവ് ജയിലുകളിലെ പത്രവിതരണ സംവിധാനത്തിൽ മാറ്റമുണ്ടാക്കും.