ന്യൂഡല്‍ഹി: ഇന്ത്യ എപ്പോഴാണ് പാകിസ്ഥാനിലെ ഭീകരവാദത്തിന് പിന്തുണ നല്‍കുന്നത് നിര്‍ത്തുക എന്ന് ചോദ്യത്തിന് ഒരു തീവ്രവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത് എന്ന് തിരിച്ചടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയുടെ 81-ാമത് സമ്മേളനത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യവും മറുപടിയും. തൊട്ടു പിന്നാലെ മന്ത്രിയും പ്രതിനിധികളും എഴുന്നേറ്റ് പോകുകയും ചെയ്തു.
വര്‍ഷങ്ങളായി പാകിസ്ഥാനില്‍ നിന്നോ പാകിസ്ഥാന്‍ കേന്ദ്രീകരിച്ചോ പ്രവര്‍ത്തിക്കുന്ന ഭീകരരാണ് ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 2025 ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പ്രശസ്തമായ പഹല്‍ഗാം വിനോദസഞ്ചാര കേന്ദ്രത്തിന് നേരെ പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തില്‍ ഒരു നേപ്പാള്‍ പൗരന്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇതിന് മറുപടിയായി പാകിസ്ഥാനിലെയും പാക് അധ്യക്ഷതയിലുള്ള കശ്മീരിലെയും ഭീകരവാദ ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. മുസഫറാബാദ്, കോട്ലി, ബഹാവല്‍പൂര്‍, റാവലാകോട്ട്, ചക്സ്വാരി, ഭിംബര്‍, നീലം വാലി, ജലം, ചക്വാള്‍ തുടങ്ങിയ സ്ഥലങ്ങളിലെ കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടത്. ലഷ്‌കര്‍-ഇ-തൈബ , ജെയ്ഷെ മുഹമ്മദ് തുടങ്ങിയ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായിരുന്നു ഈ കേന്ദ്രങ്ങള്‍. ഈ രണ്ട് സംഘടനകളും ഇന്ത്യയിലെ നിരവധി ആക്രമണങ്ങള്‍ക്ക് പിന്നിലാണെന്ന് ആരോപിക്കപ്പെടുന്നവയാണ്.
ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ബുധനാഴ്ചയും വിമര്‍ശനം നടത്തിയിരുന്നു. യുണൈറ്റഡ് നേഷന്‍സ് ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സിലില്‍, മറ്റ് രാജ്യങ്ങളുടെ ഭൂമി പിടിച്ചെടുക്കാനും ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിനും പകരം പാകിസ്ഥാന്‍ സ്വന്തം സാമ്പത്തിക പ്രതിസന്ധികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ ഷിതിജ് ത്യാഗി പറഞ്ഞിരുന്നു.
ജൂണില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ട പാക്അധീന കശ്മീരിലെ സാഹചര്യങ്ങള്‍ പരിഹരിക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടതായി ത്യാഗി കുറ്റപ്പെടുത്തി. ഭക്ഷണം, ഇന്ധനം, മരുന്ന് തുടങ്ങിയ അവശ്യ സാധനങ്ങളുടെ ലഭ്യത ഇസ്ലാമാബാദ് തടയുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നുവെന്ന് പ്രക്ഷോഭകരും നേതാക്കളും ആരോപിച്ചിരുന്നു.