കണ്ണൂർ: പാര്‍ട്ടി ഘടനയിലുള്ള പോരായ്മകള്‍ തുറന്നുസമ്മതിച്ച് സിപിഐഎം കേന്ദ്രക്കമ്മറ്റിയംഗം ഇ.പി. ജയരാജന്‍. ജനങ്ങളില്‍ നിന്ന് പാര്‍ട്ടി ക്രമേണ അകന്നുപോകുന്നതായും, വെറും പണപ്പിരിവ് നടത്തുന്ന ഒരു പ്രസ്ഥാനം മാത്രമായി പാര്‍ട്ടി മുദ്രകുത്തപ്പെടുന്നുണ്ടെന്നും അദ്ദേഹം കണ്ണൂരില്‍ വിമര്‍ശിച്ചു. കണ്ണൂരില്‍ നടന്ന വിപുലീകൃത ജില്ലാ കമ്മിറ്റി സംഘാടക സമിതി രൂപീകരണയോഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
നേതാക്കളാണ് പ്രസ്ഥാനത്തിന്റെ മുഖം. അത് ജനങ്ങള്‍ക്ക് സ്വീകാര്യമായ രീതിയിലായിരിക്കണം അല്ലാതെ വികൃതമായ ഒന്നായി മാറരുത്. ചില വ്യക്തികളുടെ തെറ്റായ ശീലങ്ങള്‍ പ്രസ്ഥാനത്തിന് മുഴുവന്‍ കളങ്കമുണ്ടാക്കുന്നുണ്ട്. ബ്രാഞ്ച് തലം മുതല്‍ വലിയ ദൗര്‍ബല്യങ്ങളാണ് നിലനില്‍ക്കുന്നത്. ബ്രാഞ്ചുകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തനരഹിതമാണ്. യോഗങ്ങള്‍ കൃത്യമായി ചേരുന്നില്ലെന്നും ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് സംഘടനയെ ഫലപ്രദമായി നയിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാര്‍ട്ടി സ്ഥാപനങ്ങളിലെ അഴിമതിയും ഭരണപരമായ വീഴ്ചകളും എതിരാളികള്‍ക്ക് ആയുധമാകുന്നുണ്ട്. ശത്രുക്കളുടെ രാഷ്ട്രീയ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ട്ടി സംവിധാനങ്ങള്‍ക്ക് വേണ്ടത്ര കഴിയുന്നില്ല. ജനങ്ങളുടെ വിശ്വസ്തരായ ദാസന്മാരായി ഓരോ കമ്മ്യൂണിസ്റ്റുകാരനും മാറണമെന്നും, ജനങ്ങളെ അകറ്റുന്ന എല്ലാത്തരം പാളിച്ചകളും തിരുത്തി മുന്നോട്ടുപോകാൻ ശക്തമായ ആത്മപരിശോധന ആവശ്യമാണെന്നും ഇ.പി. ജയരാജന്‍ ഓര്‍മ്മിപ്പിച്ചു.