കണ്ണൂർ: കണ്ണൂർ പാനൂരിൽ തെരുവ് നായ ആക്രമണത്തിൽ ഏഴുപേർക്ക് കടിയേറ്റു. കുന്നോത്ത് പറമ്പിലാണ് സംഭവം നടന്നത്. കോട്ടയത്തും പാലക്കാടും തെരുവ് നായയുടെ ആക്രമണമുണ്ടായി. പാലക്കാട് മണ്ണാർക്കാട് നാട്ടുകലിലുണ്ടായ ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ നാലുപേർക്ക് കടിയേറ്റു.
രാവിലെ സ്‌കൂളിൽ പോകുന്നതിനായി ബസ് കാത്തുനിന്ന കുട്ടികൾക്കുനേരെ തെരുവുനായ പാഞ്ഞടുക്കുകയായിരുന്നു. എംഎൽഎൽപി സ്‌കൂൾ വിദ്യാർത്ഥികളായ റിയ ഫാത്തിമ, മുത്തഷീർ, കൊടകാട് സ്വദേശികളായ സെബീല, അബൂബക്കർ എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവ് നായയ്ക്ക് പേവിഷബാധയുണ്ടോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
കോട്ടയത്ത് മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിയ അഞ്ചുവയസുകാരിക്കാണ് കടിയേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. നായ്‌ക്കളെ കണ്ട് പേടിച്ച കുട്ടി നിലത്തുവീണതോടെ ദേഹത്തേയ്ക്ക് ചാടി വീഴുകയായിരുന്നു. അമ്മ ഓടിയെത്തിയാണ് കുട്ടിയെ രക്ഷിച്ചത്.