തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ സൗകര്യങ്ങള്‍ ഒരുക്കാനും നവീകരിക്കാനുമായി പിണറായി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ലക്ഷങ്ങള്‍ ചെലവിട്ടതിന്റെ വിവരങ്ങള്‍ വിവരാവകാശ രേഖകളിലൂടെ പുറത്ത്. പിണറായി വിജയന് സര്‍ക്കാരിന്റെ ഒന്നാം ഭരണകാലത്ത് നീന്തല്‍ക്കുളം നവീകരിക്കാനും പരിപാലിക്കാനുമായി മാത്രം ചെലവിട്ടത് 41.48 ലക്ഷം രൂപ. ഇതില്‍ 29 ലക്ഷം രൂപയുടെ നവീകരണജോലി ടെന്‍ഡര്‍ വിളിക്കാതെ, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണിലൂടെയുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നല്‍കിയതായും രേഖകള്‍ വ്യക്തമാക്കുന്നു.
2017 നവംബറിലാണ് കരാര്‍ അനുവദിച്ചത്. നീന്തല്‍ക്കുളം നവീകരിക്കുന്നതിനും മേല്‍ക്കൂര സ്ഥാപിക്കുന്നതിനുമുള്ള ജോലികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഊരാളുങ്കലിനെ ഏല്‍പ്പിച്ചു. ഒരു മാസത്തിനകം പണി പൂര്‍ത്തിയാക്കണമെന്നായിരുന്നു ഫോണിലൂടെയുള്ള നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് കരാര്‍ നല്‍കിയതെന്ന് ടൂറിസം ഡയറക്ടര്‍ ഔദ്യോഗിക ഫയലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നിര്‍ദേശം നല്കിയ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ പേര് ഫയലില്‍ പരാമര്‍ശിച്ചിട്ടില്ല. അന്ന് മുഖ്യമന്ത്രിക്ക് അഞ്ച് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരുണ്ടായിരുന്നു.2018 മുതല്‍ 2021 വരെ നീന്തല്‍ക്കുളത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി 12.48 ലക്ഷം രൂപ കൂടി ചെലവിട്ടു. ഇതോടെ ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് നീന്തല്‍ക്കുളത്തിനായി മാത്രം ചെലവിട്ടത് 41.48 ലക്ഷം രൂപയായി.
2017 സെപ്റ്റംബറില്‍ ഷാര്‍ജാ സുല്‍ത്താനുവേണ്ടി ക്ലിഫ് ഹൗസില്‍ അത്താഴവിരുന്ന് സംഘടിപ്പിച്ചപ്പോഴും സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം ചെലവിട്ടു. ക്ലിഫ് ഹൗസിന്റെ പുറംഭാഗം പെയിന്റ് ചെയ്യാന്‍ 1.35 ലക്ഷം രൂപയാണ് ചെലവാക്കിയത്. അടിയന്തര സാഹചര്യമെന്ന പരിഗണനയില്‍ ടെന്‍ഡറില്ലാതെയാണ് ഈ ജോലിയും ഊരാളുങ്കലിന് നല്‍കിയത്.2023-ല്‍ ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ചെലവിട്ടത് 39.74 ലക്ഷം രൂപ. ചാണകം ശേഖരിക്കുന്നതിനുള്ള കുഴി നിര്‍മിക്കാന്‍ മൂന്ന് ലക്ഷം രൂപയും തൊഴുത്തില്‍ വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കാന്‍ 3.68 ലക്ഷം രൂപയും ചെലവിട്ടു. 2021 മുതല്‍ 2026 വരെയുള്ള കാലയളവില്‍ വൈദ്യുത സംവിധാന നവീകരണത്തിനായി മാത്രം 25.48 ലക്ഷം രൂപ ചെലവഴിച്ചു.
ശീതീകരണ സംവിധാനങ്ങള്‍ സ്ഥാപിക്കാനും അറ്റകുറ്റപ്പണികള്‍ക്കുമായി എട്ടു ലക്ഷം രൂപയും ചെലവിട്ടു. മുളക്കുളം സൗത്ത് പെരുവ സ്വദേശി എം.ടി. തോമസ് വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളിലാണ് ഈ വിവരങ്ങളുള്ളത്.