തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പുതിയ ബാർ ലൈസൻസുകളും അനുവദിച്ചതായി റിപ്പോർട്ട്. നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിലാണ് രണ്ട് ബാറുകൾക്ക് അനുമതി നൽകിയത്. ട്രാവൽ ഫുഡ് സർവീസ് ലിമിറ്റഡ് കമ്പനിക്കാണ് ബാർ ലൈസൻസുകൾ അനുവദിച്ചത്. വിമാനത്താവളത്തിലെ ലോഞ്ച് ബാറിനുള്ള എഫ്‌എൽ7 ലൈസൻസ് ആണ് അനുവദിച്ചിരിക്കുന്നത്.
2026 ജൂൺ 22നാണ് ലൈസൻസ് അനുവദിച്ചത്. എക്‌സൈസ് കമ്മീഷണർ സാംബശിവ റാവു ആണ് അനുമതി നൽകി ഉത്തരവിറക്കിയത്. എന്നാൽ പുതിയ ലൈസൻസ് അനുവദിച്ചത് എക്‌സൈസ് മന്ത്രി അറിഞ്ഞില്ലെന്നാണ് വിവരം. മദ്യനയം തീരുമാനിക്കും വരെ ബാർ ലൈസൻസ് നൽകാൻ പാടില്ലെന്നാണ് സർക്കാർ തീരുമാനമെന്നായിരുന്നു മന്ത്രി എം ലിജു കഴിഞ്ഞദിവസം പറഞ്ഞത്.
ബാർ ലൈസൻസ് അനുവദിക്കാൻ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് അധികാരം കൊടുത്തത് എൽഡിഎഫ് സർക്കാരാണ്. സർക്കാർ നയം അനുസരിച്ചേ തീരുമാനങ്ങളുണ്ടാകൂ. ഡെപ്യൂട്ടി കമ്മിഷണർ തലത്തിൽ ഏതൊക്കെ കാര്യങ്ങൾ തെറ്റായരീതിയിൽ കൊടുക്കപ്പെട്ടിട്ടുണ്ടെന്ന് അന്വേഷിക്കാൻ ടാക്സ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് സർക്കാർ നയം അറിയാഞ്ഞിട്ടല്ല. സാമൂഹ്യപ്രതിബന്ധതയോടെ എടുക്കുന്ന തീരുമാനം ശരിയാകണമെന്നാണ് ആഗ്രഹമെന്നും തെറ്റാണെങ്കിൽ തിരുത്തുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.