പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞു; കൊല്ലത്ത് കട അടിച്ചുതകർത്തു, ജീവനക്കാരന്റെമേൽ തിളച്ച എണ്ണയൊഴിച്ചു

കൊല്ലം: പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു. കൊല്ലം കുണ്ടറയ്ക്കടുത്ത് പെരുമ്പുഴയിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. 'ടീ മേറ്റ്' എന്ന കടയിൽ ചായ കുടിക്കാനെത്തിയ കൊള്ളി നിയാസ്, സുഹൃത്ത് ജാക്‌സൺ എന്നിവരാണ് അക്രമമുണ്ടാക്കിയത്.

കട അടിച്ചുതകർത്തതിന് പുറമെ അക്രമികൾ ഉടമയെയും ജീവനക്കാരെയും ആക്രമിക്കുകയും ചെയ്തു. കടയുടമയായ നാസിമിന് കുത്തേറ്റു. ജീവനക്കാരനായ മോഹനന് വാരിയെല്ലിന് പരിക്കുപറ്റി. അക്രമികൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്നാണ് പൊലീസ് അറിയിച്ചത്. സമീപത്തെ കടകളിൽ സിസിടിവി ക്യാമറകളുണ്ടെങ്കിലും ഇത് പരിശോധിക്കാൻ സാധിച്ചിട്ടില്ലെന്നാണ് വിവരം.

കടയിലെത്തിയ നിയാസും ജാക്‌സണും ചായയും പരിപ്പുവടയും കഴിച്ചു. തുടർന്ന് പരിപ്പുവടയ്ക്ക് ഉപ്പ് കുറവാണെന്നുപറഞ്ഞ് ഹോട്ടൽ ജീവനക്കാരോട് തട്ടിക്കയറുകയായിരുന്നു. തുടർന്ന് മോഹനനെ മർദ്ദിച്ചു. കടയിലുണ്ടായിരുന്ന തിളച്ച എണ്ണ മോഹനന്റെമേൽ ഒഴിക്കുകയും ചെയ്തു. തടയാൻ ചെന്ന നാട്ടുകാർ ഉൾപ്പെടെയുള്ളവരെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.

മോഹനനെ മർദ്ദിക്കുന്നതുകണ്ട് ഓടിയെത്തിയ കടയുടമയായ നാസിമിനെ നിയാസ് കത്തികൊണ്ട് കുത്തി. തുടർന്ന് കടയിലുണ്ടായിരുന്ന സാധനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. നാട്ടുകാർ ചേർന്നാണ് മോഹനനെയും നാസിമിനെയും ആശുപത്രിയിലെത്തിച്ചത്. മോഹനന് വാരിയെല്ലിന് സാരമായ പരിക്കുണ്ട്. തിളച്ച എണ്ണ വീണ് ശരീരത്താകെ പൊള്ളലേറ്റിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *