തിരുവനന്തപുരം: നഗരപരിധിയിൽ അനാവശ്യമായി സ്ഥാപിച്ചിട്ടുള്ളതും അശാസ്ത്രീയമായി തൂങ്ങിക്കിടക്കുന്നതും പൊട്ടിപ്പൊളിഞ്ഞ നിലയിലുള്ളതുമായ ഓവർഹെഡ് കേബിളുകളും ടെലിഫോൺ, ഇന്റർനെറ്റ് വയറുകളും നീക്കം ചെയ്യാൻ തിരുവനന്തപുരം നഗരസഭ പദ്ധതി തയ്യാറാക്കി . ഇന്ത്യയിൽ വാരണാസി, മുംബൈ നഗരങ്ങളിൽ മാത്രമാണ് വിജയകരമായി ഇത് നടപ്പിലാക്കിയതെന്ന് നഗരസഭ വ്യക്തമാക്കി.
ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിലർമാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സര്‍വ്വീസ് പ്രൊവൈഡര്‍മാരുടെയും ഫ്രാഞ്ചൈസികളുടെയും യോഗമാണ് രൂപരേഖ തയ്യാറാക്കിയത്. ഡിവൈൻ നെറ്റ് വർക്കാണ് കരാറുകാർ. ടാഗ് ചെയ്യാത്ത കേബിളുകൾ മുഴുവനും മുറിച്ചു മാറ്റിയ ശേഷം ബാക്കിയുള്ളവ ഒരുമിച്ച് മെഷീൻ ഉപയോഗിച്ച് ക്ലിപ്പ് ചെയ്യും. 101 വാർഡുകളിലും പദ്ധതി നടപ്പിലാക്കും. ആദ്യ ഘട്ടത്തിൽ 5 വാർഡുകളെ തീരുമാനിച്ചു.നഗരസഭാ മെയിൻ ഓഫീസ് സ്ഥിതി ചെയ്യുന്ന പാളയം , ഫോർട്ട്, കണ്ണമ്മൂല , തൈക്കാട്, പെരുന്താന്നി എന്നീ വാർഡുകളാണ് ആദ്യഘട്ടത്തിലുള്ളത്.
ഒക്ടോബർ 12 തിങ്കളാഴ്ച വൈകിട്ട് 5 ന് പാളയം രക്തസാക്ഷിമണ്ഡപത്തിനു മുന്നിൽ മേയർ വി. വി. രാജേഷ് ഉദ്ഘാടനം നിർവഹിക്കും. അപകടങ്ങൾക്കും ജീവഹാനിക്കും കാരണമാകുന്ന കേബിളുകൾ ക്രമീകരിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനുമായി നഗരത്തിലെ 101 വാർഡുകളിലും പദ്ധതി നടപ്പാക്കും. ആദ്യഘട്ടത്തിൽ അഞ്ച് വാർഡുകളിലാണ് പ്രവർത്തനം ആരംഭിക്കുന്നത്.