ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ വീണ്ടും സ്ഫോടനം. ശനിയാഴ്ച ദേര ഇസ്മായിൽ ഖാനിൽ ചാവേറാക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. പൊലീസ് ചെക്ക്പോയ്ൻ്റിന് സമീപം സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്.
അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്ന ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിൽ ഉൾപ്പെടുന്ന ജില്ലയാണ് ദേര ഇസ്മായിൽ ഖാൻ. ഇവിടുത്തെ ദരാസിന്ദ മേഖലയിലെ അമൻ മേള എന്ന പ്രദേശത്തിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രീക് ഇ താലിബാൻ പാകിസ്ഥാൻ ഏറ്റെടുത്തതായി റിപ്പോർട്ടിലുണ്ട്. രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തെത്തി രക്ഷാദൗത്യം ആരംഭിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിവരികയാണ്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.
അതേസമയം ആക്രമണത്തിന് പിന്നില്‍ അഫ്ഗാനിസ്ഥാനിലെ താലിബാനുമായി ബന്ധമുളള ഭീകരസംഘടന തെഹ്രിക് ഇ താലിബാൻ പാകിസ്ഥാൻ എന്ന പാകിസ്ഥാനി താലിബാൻ. പാകിസ്ഥാനിൽ ഏതാനും വർഷമായി പൊലീസിനെയും നാട്ടുകാരെയും ലക്ഷ്യമിട്ട് പാകിസ്ഥാനി താലിബാൻ ആക്രമണം നടത്തുകയാണ്. പാകിസ്ഥാൻ താലിബാന് പിന്നിൽ അഫ്ഗാനിസ്ഥാനാണെന്ന് പാക് ഭരണകൂടം ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും അഫ്ഗാൻ ഭരണകൂടം ഇത് നിഷേധിച്ചിട്ടുണ്ട്.