പെരുമ്പാവൂർ: പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം. മാതാപിതാക്കളോടൊപ്പം കമ്പനിയിലെത്തിയ കുട്ടിയാണ് അപകടത്തിൽ മരിച്ചത്.
വിനീർ ഉണക്കുന്നതിനുള്ള ഡ്രയറിന്റെ കൺവെയർ ബെൽറ്റിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഇതിനിടെ കുട്ടിയുടെ കൈ അബദ്ധത്തിൽ യന്ത്രത്തിൽ കുടുങ്ങുകയായിരുന്നു. പിന്നാലെ ശരീരവും യന്ത്രത്തിലേക്ക് വലിച്ചെടുക്കപ്പെട്ടതായാണ് വിവരം. അപകടത്തിൽ കുട്ടിയുടെ തല ശരീരത്തിൽനിന്ന് വേർപെട്ട നിലയിലായിരുന്നു.
മൃതശരീരം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മാതാപിതാക്കളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.