ഇടുക്കി: കുടുംബതർക്കത്തെ തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയ ഭാര്യയെ സ്റ്റേഷൻ വളപ്പിൽ വെച്ച് വാക്കത്തി കൊണ്ട് വെട്ടി ഭർത്താവ്. ഇടുക്കി മറയൂരിലാണ് ഞെട്ടിക്കുന്ന സംഭവം. മറയൂർ സ്വദേശി ഭാഗ്യലക്ഷ്മിക്കാണ് വെട്ടേറ്റത്. ഭർത്താവ് ശിവാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബപ്രശ്നത്തെ തുടർന്ന് ഭാഗ്യലക്ഷ്മിയും ശിവാനന്ദനും മറയൂർ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയിൽ ഇരുവരും തമ്മിലുള്ള തർക്കം പരിഹരിച്ചു.
എന്നാൽ സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ ശിവാനന്ദൻ കൈവശമുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് ഭാഗ്യലക്ഷ്മിയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാഗ്യലക്ഷ്മിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ ശിവാനന്ദനെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സ്റ്റേഷൻ വളപ്പിൽ വെച്ചുതന്നെ ആക്രമണം നടന്നത് പ്രദേശത്ത് വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.