തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ ജില്ലാതല മരുന്ന് ലഭ്യത നിരീക്ഷണ സമിതി രൂപീകരിക്കാൻ ആരോഗ്യവകുപ്പ്. ആശുപത്രികളിലെ മരുന്നുക്ഷാമം സംബന്ധിച്ച പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഓരോ ജില്ലയിലും സമിതി രൂപീകരിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ആരോഗ്യ മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി.
അഡീഷണൽ ഡിഎംഒ അല്ലെങ്കിൽ ഡെപ്യൂട്ടി ഡിഎംഒ സമിതിയുടെ കൺവീനറാകും. ആശുപത്രി സൂപ്രണ്ട്, അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ അല്ലെങ്കിൽ ഡ്രഗ്സ് ഇൻസ്പെക്ടർ, ഫാർമസി ചുമതലയുള്ള ഉദ്യോഗസ്ഥൻ, കെഎംഎസ്‌സിഎൽ വെയർഹൗസ് മാനേജർ എന്നിവർ സമിതിയിലെ അംഗങ്ങളാകും.
ആശുപത്രികളിലെ യഥാർഥ മരുന്ന് സ്റ്റോക്ക്, രോഗികളുടെ എണ്ണം, ഉപയോഗനിരക്ക്, വരും ദിവസങ്ങളിലെ ആവശ്യം, വിതരണത്തിലെ കാലതാമസം എന്നിവ സമിതി വിലയിരുത്തും. രേഖകളിലെ സ്റ്റോക്ക് കണക്കുകൾക്ക് പുറമെ ഫാർമസികളിലും സ്റ്റോറുകളിലും നേരിട്ട് പരിശോധന നടത്താനും നിർദേശമുണ്ട്.
ഒരു ആശുപത്രിയിൽ അധികമായി ലഭ്യമായ മരുന്നുകൾ ആവശ്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് പുനർവിതരണം ചെയ്യുന്നതിനും സമിതി ഇടപെടും. മരുന്നുകളുടെ ലഭ്യതയിൽ കുറവ് കണ്ടെത്തിയാൽ കാരണം കണ്ടെത്തി അടിയന്തരമായി പരിഹരിക്കണമെന്നും നിർദേശമുണ്ട്.
ആഴ്ചതോറും റിപ്പോർട്ട്
മരുന്നുകളുടെ ലഭ്യത സംബന്ധിച്ച് ജില്ലാതല സമിതി ആഴ്ചതോറും റിപ്പോർട്ട് തയ്യാറാക്കും. ജില്ലാ ജനറൽ ആശുപത്രികൾ ഉൾപ്പെടെയുള്ള ആശുപത്രികളുടെ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ കോളജുകളിലെ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കുമാണ് സമർപ്പിക്കുക.
ഗുരുതരമായ മരുന്നുക്ഷാമം കണ്ടെത്തിയാൽ പ്രതിവാര റിപ്പോർട്ടിനായി കാത്തിരിക്കാതെ ബന്ധപ്പെട്ട അധികൃതരെ ഉടൻ അറിയിച്ച് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
മരുന്നുകളുടെ ലഭ്യത സംബന്ധിച്ച പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണുകയും വിതരണ സംവിധാനത്തിലെ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി പരിഹരിക്കുകയുമാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.