പ്രവാസികൾക്ക് കുടുംബത്തെ ധൈര്യമായി ഒപ്പം കൂട്ടാം; ഒരു ലക്ഷത്തിൽ താഴെ ശമ്പളം മതി, അറിയേണ്ടത്

ദുബായ്: സ്വന്തം കുടുംബത്തിനായി വർഷങ്ങളോളം വിദേശരാജ്യങ്ങളിൽ കഷ്‌‌ടപ്പെടുന്നവരാണ് പ്രവാസികൾ. ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ മാത്രം നാട്ടിൽ വരുന്ന ഇവർ കുടുംബത്തോടൊപ്പം ചെലവഴിക്കുന്നത് വളരെ കുറച്ച് ദിവസങ്ങളാണ്. അതിനാൽ, സ്വന്തം കുടുംബത്തെ ഒപ്പം കൂട്ടുക എന്നത് ഓരോ പ്രവാസിയുടെയും സ്വപ്‌നമാണ്. ഓരോ രാജ്യത്തും ഇതിനുള്ള നിയമങ്ങൾ വ്യത്യസ്‌തമാണ്. യുഎഇയിലുള്ള പ്രവാസികൾക്ക് കുടുംബത്തെ ഒപ്പം കൂട്ടുന്നതിനുവേണ്ട മാനദണ്ഡങ്ങൾ എന്തൊക്കെയെന്ന് അറിയാം.

യുഎഇയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് സ്വന്തം കുടുംബത്തെ ഒപ്പം കൂട്ടാൻ വേണ്ട പ്രധാന യോഗ്യത ശമ്പളമാണ്. പ്രതിമാസം കുറഞ്ഞത് 3,000 ദിർഹം (79,083 രൂപ) ശമ്പളവും തൊഴിലുടമ താമസ സൗകര്യവും ലഭ്യമാക്കിയിരിക്കണം. അല്ലെങ്കിൽ പ്രതിമാസം കുറഞ്ഞത് 4,000 ദി‌ർഹം (1,05,444 രൂപ) ശമ്പളമുണ്ടായിരിക്കണം. കൂടാതെ സ്‌പോൺസർക്ക് സാധുവായ യുഎഇ റസിഡൻസ് പെർമിറ്റും അനുയോജ്യമായ താമസസൗകര്യവും ഉണ്ടായിരിക്കണം.

പങ്കാളി, അവിവാഹിതരായ പെൺമക്കൾ, 25 വയസിൽ താഴെ പ്രായമുള്ള ആൺമക്കൾ, പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾ(പ്രായപരിധിയില്ല) എന്നിവരെയാണ് സ്‌‌പോൺസർ ചെയ്യാനാവുക. നിങ്ങൾക്ക് മാതാപിതാക്കളെ കൊണ്ടുപോകണമെങ്കിൽ ദുബായിൽ പ്രത്യേക നിബന്ധനകളാണുള്ളത്.

3,000 ദിർഹം ശമ്പളവും താമസ സൗകര്യവും അല്ലെങ്കിൽ താമസസൗകര്യമില്ലാതെ 4,000 ദിർഹമോ അതിൽ കൂടുതലോ ശമ്പളം ലഭിക്കുന്ന സ്‌ത്രീകൾക്ക് കുടുംബാംഗങ്ങളെ സ്‌പോൺസർ ചെയ്യാം. പങ്കാളിയെ മാത്രമല്ല കുട്ടികളെയും ഇവർക്ക് സ്‌പോൺസർ ചെയ്യാം. വിവാഹമോചിതരായവർക്കും കുട്ടികളെ ഒപ്പം കൂട്ടാവുന്നതാണ്. ഇതിനായി കുട്ടിയുടെ പിതാവിൽ നിന്നുള്ള നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) അല്ലെങ്കിൽ രക്ഷാകർതൃത്വത്തിന്റെ തെളിവ് ഹാജരാക്കണം.

മാതാപിതാക്കളെ സ്‌പോൺസർ ചെയ്യണമെങ്കിൽ ദുബായിൽ ഉയർന്ന ശമ്പളം വേണമെന്ന മാനദണ്ഡമാണുള്ളത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ നിയമപ്രകാരം കുറഞ്ഞത് 10,000 ദിർഹം (2,63,612 രൂപ) ശമ്പളമുണ്ടായിരിക്കണം. വരുമാനം തെളിയിക്കുന്ന ശമ്പള സർട്ടിഫിക്കറ്റും തൊഴിൽ കരാറും സ്‌പോൺസർ ഹാജരാക്കണം. കൂടാതെ സാധുവായ ഇജാരി രേഖയും (വാടക കരാർ) ഉണ്ടായിരിക്കണം. താമസസ്ഥലത്തിന് കുറഞ്ഞത് രണ്ട് കിടപ്പുമുറിയെങ്കിലും ഉണ്ടായിരിക്കണം.

നിങ്ങൾ ആരെയാണ് സ്‌പോൺസർ ചെയ്യുന്നത്, നിങ്ങളുടെ വ്യക്തിഗത സാഹചര്യങ്ങൾ എന്നിവയെ ആശ്രയിച്ചായിരിക്കും ആവശ്യമായ രേഖകൾ നിശ്ചയിക്കുന്നത്. പ്രധാനമായും വേണ്ട രേഖകൾ അറിയാം.

അപേക്ഷകരെ ആശ്രയിച്ച് മറ്റ് രേഖകളും ആവശ്യപ്പെട്ടേക്കാം.

സ്‌പോൺസർ ചെയ്യപ്പെടുന്നയാളുടെ പ്രായം 18 വയസിന് മുകളിലാണെങ്കിൽ നടപടിക്രമങ്ങളുടെ ഭാഗമായി അംഗീകൃത മെഡിക്കൽ ഫിറ്റ്‌നസ് പരിശോധനയ്‌ക്ക് വിധേയരാകേണ്ടതുണ്ട്.

ശ്രദ്ധിക്കുക: യുഎഇ വിസ, റെസിഡൻസി നിയമങ്ങളിൽ മാറ്റങ്ങൾ വരാം. അപേക്ഷകന്റെ വ്യക്തിപരമായ സാഹചര്യങ്ങൾക്കനുസരിച്ച് ആവശ്യമായ രേകഖളിൽ വ്യത്യാസങ്ങളും ഉണ്ടായേക്കാം. അതിനാൽ താമസക്കാർ അപേക്ഷിക്കുന്നതിന് മുമ്പ് ഏറ്റവും പുതിയ നിബന്ധനകൾ GDRFA ദുബായിൽ നിന്ന് നേരിട്ട് പരിശോധിക്കേണ്ടതാണ്. മറ്റ് എമിറേറ്റുകളിലുള്ളവർ ICP UAEയുമായി ബന്ധപ്പെടുക.

GDRFA ടോൾ ഫ്രീ നമ്പർ: 8005111

ICP നമ്പർ: 600522222

Leave a Reply

Your email address will not be published. Required fields are marked *