ദുബായ്: ഇസ്രായേലിലേക്ക് പോകുകയായിരുന്ന ഫ്ലൈ ദുബായ് വിമാനത്തിനുള്ളിൽ നടന്നത് ഭീകരാക്രമണമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ). കോക്പിറ്റിലുണ്ടായിരുന്ന എമർജൻസി‘ക്രാഷ് ആക്സ്’ ഉപയോഗിച്ചാണ് ഒമാനി സഹപൈലറ്റ് ഇന്ത്യൻ ക്യാപ്റ്റനെ ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ആക്രമണം നടത്തിയ ഫസ്റ്റ് ഓഫീസർ (കോ-പൈലറ്റ്) ക്യാപ്റ്റനെ ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തതായി യുഎഇ അറിയിച്ചു. കോക്പിറ്റിനുള്ളിൽ നടന്ന ഈ ഏറ്റുമുട്ടലിനെക്കുറിച്ച് ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും വിശദമായ ഔദ്യോഗിക വിവരണം നൽകിയ യുഎ ഇ അറ്റോർണി ജനറൽ, സംഭവത്തെ ഒരു 'ഭീകരാക്രമണം' എന്ന് വിശേഷിപ്പിച്ചു.
അക്രമത്തിനിടെ വിമാനം പെട്ടെന്ന് താഴേക്ക് പതിക്കുകയും, യാത്രക്കാരും വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവരും ഇടപെട്ട് അക്രമിയെ തടയുന്നതിന് മുമ്പ് വിമാനം തകരാൻ വലിയ സാധ്യതയുണ്ടാകുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്നവർ ഇടപെട്ടതോടെയാണ് ആക്രമണം ഒടുവിൽ തടയാനായത്. ക്യാപ്റ്റൻ ആക്രമണത്തെ അതിജീവിച്ചു. വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കുകയും അടിയന്തര ലാൻഡിംഗിനായി വിമാനം തിരിച്ചുവിടുകയും ചെയ്തു.
ഈ ആക്രമണത്തിന്മേൽ ഇതുവരെ പുറത്തുവന്നതിൽ വച്ച് ഏറ്റവും ശക്തമായ ഔദ്യോഗിക പ്രതികരണമാണ് യുഎഇ നടത്തിയിരിക്കുന്നത്. കോ-പൈലറ്റിനെ ഒമാൻ സ്വദേശിയായ ഹമാം അൽ-ഹമ്മാമി (Hamam al-Hammami) എന്ന് തിരിച്ചറിഞ്ഞു. തീവ്രവാദ നിലപാടുകൾ വളർത്തിയെടുത്തു എന്ന ആശങ്കയെത്തുടർന്ന് അൽ-ഹമ്മാമിയെ പറക്കുന്നതിൽ നിന്ന് ഒമാൻ പണ്ട് തടഞ്ഞിരുന്നതായി കേസുമായി ബന്ധമുള്ള ഒരാൾ വെളിപ്പെടുത്തിയിട്ടുണ്ട്.