ബിരുദദാന ചടങ്ങിനിടെ നാടകീയ രംഗങ്ങൾ; മഹാരാജാസിൽ മന്ത്രി റോജി എം ജോണിനെ വളഞ്ഞ് എസ്എഫ്ഐ പ്രതിഷേധം

കൊച്ചി: മഹാരാജാസ് കോളേജിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം.ജോണിനെതിരെ എസ്എഫ്ഐ പ്രതിഷേധം. കാലടി സർവകലാശാലയിലെ 16 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥികൾ രംഗത്തെത്തിയത്. മഹാരാജാസ് കോളേജിൽ നടന്ന ബിരുദദാന ചടങ്ങിൽ മന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് പ്രവർത്തകർ ബാനറുകളും പ്ലക്കാർഡുകളുമായി വേദിയിലെത്തിയത്. വിദ്യാർത്ഥികൾ സ്റ്റേജിൽ മന്ത്രിയെ വളഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി.

എന്നാൽ, പ്രതിഷേധം സമാധാനപരമായിരുന്നുവെന്നാണ് എസ്എഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറിയുടെ വിശദീകരണം. ബിരുദദാന ചടങ്ങ് തടസപ്പെടുത്തുകയോ മന്ത്രിയെ ആക്രമിക്കുകയോ ചെയ്യുകയായിരുന്നില്ല ലക്ഷ്യമെന്നും വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി തേടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

കാലടി സർവകലാശാലയിലെ വിദ്യാർത്ഥികൾ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെ അവതരിപ്പിച്ച നാടകത്തെ അക്രമസമരമായി ചിത്രീകരിച്ച് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. ലൈറ്റുകൾ തകരാറിലായതിൽ പ്രതിഷേധിച്ച് നടത്തിയ നാടകത്തെ ശവമഞ്ചം ഒരുക്കിയുള്ള പ്രതിഷേധമായാണ് മന്ത്രി ഉൾപ്പെടെയുള്ളവർ വിശേഷിപ്പിച്ചതെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. സംഭവത്തിൽ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിട്ട് 60 ദിവസം പിന്നിട്ടെന്നാണ് ആരോപണം.

കാലടി സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക, അദ്ധ്യാപക ഒഴിവുകൾ നികത്തുക, ശുദ്ധജലം ലഭ്യമാക്കുക, സസ്പെൻഡ് ചെയ്ത വിദ്യാർഥികളെ തിരിച്ചെടുക്കുക എന്നിവയാണ് എസ്‌എഫ്ഐയുടെ പ്രധാന ആവശ്യങ്ങൾ. ചില വകുപ്പുകളിൽ അദ്ധ്യാപകരില്ലാത്ത സാഹചര്യമുണ്ടെന്നും സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിലടക്കം കാലതാമസമുണ്ടെന്നും എസ്എഫ്ഐ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *