ബെംഗളൂരുവിൽ നാല് കിലോമീറ്റർ പിന്നിടാൻ 2.5 മണിക്കൂർ; പരീക്ഷയെഴുതാൻ പോയ കുട്ടികൾക്ക് ട്രാഫിക് നൽകിയത് അഗ്നിപരീക്ഷ!

ബെംഗളൂരു: എസ്‌എച്ച്-35-ലെ വർത്തുർ-ഗുഞ്ചൂർ റോഡിലൂടെ യാത്ര ചെയ്തിരുന്ന നൂറുകണക്കിന് സ്കൂൾ വിദ്യാർത്ഥികൾ കഴിഞ്ഞ വ്യാഴാഴ്ച കടുത്ത ഗതാഗതക്കുരുക്കിൽ ദുരിതത്തിലായി. ഗതാഗതക്കുരുക്ക് കാരണം വെറും 4 കിലോമീറ്റർ ദൂരം പിന്നിടാൻ കുട്ടികൾക്ക് 2.5 മണിക്കൂർ വേണ്ടിവന്നു. രാവിലെ സ്കൂൾ ബസുകൾ 40 മിനിറ്റ് വരെ വൈകുകയും ചെയ്തിരുന്നു. ഉച്ചയ്ക്ക് തിരികെ വീട്ടിലേക്ക് മടങ്ങിയപ്പോഴും വിദ്യാർത്ഥികൾ മണിക്കൂറുകളോളം റോഡിൽ കുടുങ്ങി.
ഈ പാതയിൽ ഇരുപതോളം വലിയ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പല സ്കൂളുകളിലും അർദ്ധവാർഷിക പരീക്ഷകൾ നടന്നു വരികയാണ്. വൈകുന്നേരത്തെ മടക്കയാത്ര ഇതിലും മോശമായിരുന്നു. പല വിദ്യാർത്ഥികൾക്കും വീടുകളിലെത്താൻ സാധാരണയേക്കാൾ 1.5 മണിക്കൂറിലധികം കൂടുതൽ സമയം എടുത്തു. ചില സ്കൂളുകൾ പരീക്ഷ പൂർത്തിയാക്കാൻ കുട്ടികൾക്ക് അധിക സമയം അനുവദിച്ചുകൊണ്ട് ഈ സാഹചര്യം നേരിട്ടു.
കർണാടക റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിൽ എസ്‌എച്ച്-35-ന്റെ ഭാഗമായ വർത്തുർ-ഗുഞ്ചൂർ റോഡിൽ അടിസ്ഥാന സൗകര്യ വികസന ജോലികൾ നടന്നു വരികയാണ്. എന്നിരുന്നാലും, റോഡിലെ ഗതാഗതക്കുരുക്കും, തകർന്ന റോഡുകളും, വലിയ കുഴികളും, അശാസ്ത്രീയമായ ഗതാഗത നിയന്ത്രണങ്ങളും കാരണം ഈ പാത യാത്രാദുരിതം തുടരുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. റോഡ് നിർമ്മാണത്തിലെ അപാകതകൾ കുട്ടികളുടെ പഠനത്തെ നേരിട്ട് ബാധിക്കുന്നു എന്നാണ് രക്ഷകർത്താക്കൾ പരാതിപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *