കണ്ണൂർ: ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ കണ്ണൂരിൽ നിന്ന് വൻ വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ശേഖരം പിടികൂടി. ഡ്രഗ്സ് കൺട്രോൾ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് 65,000 രൂപ വിലമതിക്കുന്ന വ്യാജ ലിപ്സ്റ്റിക്, ലിപ് ബാം എന്നിവ കണ്ടെത്തിയത്.
നിർമ്മാതാക്കളുടെ പേര് വിവരങ്ങളോ ചട്ടപ്രകാരം നിർബന്ധമായും ഉണ്ടായിരിക്കേണ്ട മറ്റ് ലേബലുകളോ ഇല്ലാതെയാണ് ഇവ വിപണിയിലെത്തിച്ചിരുന്നത്. കുട്ടികളെ പെട്ടെന്ന് ആകർഷിക്കുന്ന തരത്തിൽ മനോഹരമായി പാക്ക് ചെയ്ത നിലയിലായിരുന്നു പിടിച്ചെടുത്ത ഉൽപ്പന്നങ്ങളെല്ലാം.
വ്യാജമായി നിർമ്മിച്ചവയാണ് ഇവയെന്ന് അധികൃതർ വ്യക്തമാക്കി. പിടിച്ചെടുത്ത ഉൽപ്പന്നങ്ങളുടെ സാമ്പിളുകൾ വിശദമായ രാസ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കുമെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം അറിയിച്ചു.