ലക്‌നൗ: ഭാര്യയെയും രണ്ട് പുരോഹിതരെയും വെടിവച്ച് കൊലപ്പെടുത്തിയശേഷം മക്കളെ ബന്ദിയാക്കിയ യുവാവ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ അസംഗഢിലാണ് സംഭവം. ശംഭുഗഞ്ച് ഗ്രാമവാസിയായ അരവിന്ദ് സിംഗാണ് (40) പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
ചൊവ്വാഴ്‌ച വൈകിട്ട് അരവിന്ദിന്റെ വീട്ടിൽ നടന്ന മതപരമായ ചടങ്ങിനിടെയാണ് സംഭവങ്ങളുടെ തുടക്കം. ഭാര്യ ബബിത (32), പുരോഹിതരായ മഹേന്ദ്ര പാഠക് (60), അഖിലേഷ് മിശ്ര (50) എന്നിവരെയാണ് യുവാവ് കൊലപ്പെടുത്തിയത്. ചടങ്ങിൽ പങ്കെടുത്തിരുന്ന മറ്റ് രണ്ട് പുരോഹിതർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 2019-ൽ കൊല്ലപ്പെട്ട അരവിന്ദിന്റെ സഹോദരൻ സുനിലിന്റെ ആത്മശാന്തിക്കായുള്ള പ്രാർത്ഥനകൾക്കായി ഇവരുടെ അമ്മയാണ് പുരോഹിതരെ വീട്ടിലേക്ക് ക്ഷണിച്ചത്.
എന്നാൽ, ഇത്തരമൊരു ചടങ്ങിനെ എതിർത്ത അരവിന്ദ് വീട്ടിലെത്തിയ പുരോഹിതരുടെ സാന്നിദ്ധ്യത്തെ ചോദ്യം ചെയ്‌തു. ഇവരോട് ആധാർകാർഡ് കാണിക്കാനും അരവിന്ദ് ആവശ്യപ്പെട്ടു. ഇതേതുടർന്നുണ്ടായ തർക്കത്തിനിടെ യുവാവ് പുരോഹിതർക്ക് നേരെ വെടിയുതിർത്തെന്നാണ് പൊലീസിന്റെ വിശദീകരണം. വെടിയേറ്റ അരവിന്ദിന്റെ ഭാര്യയും രണ്ട് പുരഹിതരും തൽക്ഷണം മരിച്ചു. കൊലപാതകത്തിന് പിന്നാലെ മൂന്ന് മക്കളെയും കൂട്ടി അരവിന്ദ് വീടിനുള്ളിൽ കയറി വാതിൽ അടയ്‌ക്കുകയായിരുന്നു. ഇയാൾ കുട്ടികളെ ബന്ദികളാക്കിയതോടെ പ്രദേശത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി.
ബന്ധുക്കളും പൊലീസും ചേർന്ന് മണിക്കൂറുകളോളം യുവാവിനെ പിന്തിരിപ്പിച്ച് കുട്ടികളെ മോചിപ്പിക്കാൻ ശ്രമിച്ചെങ്കിലും അയാൾ അതിന് വഴങ്ങിയില്ലെന്ന് ഡിഐജി സുനിൽകുമാർ പറഞ്ഞു. കുട്ടികളെ വിട്ടയക്കാനോ വീടിന് പുറത്തിറക്കാനോ അരവിന്ദ് തയ്യാറായില്ല. പൊലീസ് പിന്മാറണമെന്നും പ്രശ്‌നങ്ങൾ അടുത്ത ദിവസം പരിഹരിക്കാമെന്നുമായിരുന്നു മറുപടി.
ഇതിനിടെ വീടിനുള്ളിൽനിന്ന് വെടിയൊച്ച കേട്ടതോടെയാണ് പൊലീസ് അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചത്. സ്റ്റൺ ഗ്രനേഡുകളും കണ്ണീർവാതക ഗ്രനേഡുകളും പ്രയോഗിച്ചശേഷം പൊലീസ് വീടിന്റെ വാതിൽ തകർക്കുകയായിരുന്നു. അകത്ത് കടന്ന ഉദ്യോഗസ്ഥർക്കുനേരെ ഇയാൾ വെടിയുതിർക്കാൻ തുടങ്ങിയതോടെ പൊലീസ് സംഘം തിരിച്ചും വെടിയുതിർത്തു. ഇതിനിടെ അരവിന്ദിനും എട്ട് വയസുള്ള മകൻ ശൗര്യയ്‌ക്കും വെടിയേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അരവിന്ദിന്റെ പത്ത് വയസുള്ള മകൾ പരിയെയും 11 മാസം പ്രായമുള്ള സാൻവിയെയും പൊലീസ് സുരക്ഷിതമായി രക്ഷപ്പെടുത്തി.
ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാർ, എസ്‌പി അനിൽ കുമാർ, ഡിഐജി സുനിൽ കുമാർ സിംഗ്, വാരണാസി സോൺ എഡിജി നവീൻ അറോറ എന്നിവർ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. ഫോറൻസിക് സംഘത്തിനൊപ്പം കമാൻഡോ സംഘത്തെയും രക്ഷപ്രവർത്തനത്തിനായി നിയോഗിച്ചിരുന്നു.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ഫോറൻസിക് വിദഗ്‌ദ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഏറ്റുമുട്ടലിൽ പൊലീസ് ഉദ്യോഗസ്ഥർക്കാർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.