ഭൂസ്വത്തും കെട്ടിടങ്ങളും ആഢംബര വാഹനങ്ങളും; ഉദ്യോഗസ്ഥ സമ്പാദിച്ചുകൂട്ടിയത് 6.76 കോടി രൂപയുടെ അനധികൃത സ്വത്ത്

ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദനത്തിന് ഉദ്യോഗസ്ഥക്കെതിരെ കേസെടുത്ത് ആന്റി കറപ്ഷൻ ബ്യൂറോ (എസിബി). തെലങ്കാന രംഗ റെഡ്ഡി ജില്ലയിലെ മൊയ്‌നാബാദ് മുനിസിപ്പാലിറ്റിയിലെ ടൗൺ പ്ലാനിംഗ് ഓഫീസറായ ഗുണ്ടു വാണിക്കെതിരെയാണ് തെലങ്കാന എസിബി കേസെടുത്തത്. ഇവർ ഏകദേശം 6.76 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നിലവിൽ മറ്റൊരു കൈക്കൂലി കേസുമായി ബന്ധപ്പെട്ട് വാണി ജു‌ഡീഷ്യൽ കസ്റ്റഡിയിലാണ്.

നവംബർ 16ന് വാണിയുടെ വീടും ഓഫീസും ഉൾപ്പെടെ എട്ട് ഇടങ്ങളിൽ എസിബി പരിശോധന നടത്തിയിരുന്നു. മഹാബൂബ്‌നഗർ ജില്ലയിലും ജംഗാവോൺ ജില്ലയിലും ഏകദേശം 87.67 ലക്ഷം രൂപയുടെ മൂല്യമുള്ള ഭൂസ്വത്ത് ഇവർക്കുള്ളതായി അന്വേഷണസംഘം കണ്ടെത്തി.

63 ലക്ഷം രൂപ വിലമതിക്കുന്ന ഫ്ലാറ്റും 2.45 കോടി രൂപ വിലമതിക്കുന്ന മൂന്ന് നിലകളുള്ള കെട്ടിടവും ഉദ്യോഗസ്ഥയ്ക്ക് സ്വന്തമായുണ്ടെന്ന് വിവരം ലഭിച്ചതായും എസിബി വ്യക്തമാക്കി. ഇതിനുപുറമെ, മഹാബൂബ്‌നഗർ ജില്ലയിൽ 29.70 ലക്ഷം രൂപ വിലമതിക്കുന്ന 1.10 ഏക്കർ കൃഷിഭൂമിയും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, 5.47 ലക്ഷം രൂപ പണവും, മഹാബൂബ്‌നഗറിലെ 'തുൽജ ഭവാനി വൈൻസ്' എന്ന സ്ഥാപനത്തിലുള്ള 50 ലക്ഷം രൂപയുടെ നിക്ഷേപവും, 1.30 കോടി രൂപ വിലമതിക്കുന്ന ഓഹരികളും വാണിയുടെ സ്വത്തിൽ ഉൾപ്പെടുന്നതായി എസിബി അറിയിച്ചു.

7.97 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപങ്ങളും, ഏകദേശം 175.1 ഗ്രാം ഭാരവും 2.54 ലക്ഷം രൂപ മൂല്യവുമുള്ള സ്വർണാഭരണങ്ങളും, 50 ലക്ഷം രൂപ വിലമതിക്കുന്ന വാഹനങ്ങളും എസിബി പിടിച്ചെടുത്തു. വീട്ടുപകരണങ്ങൾക്ക് 5.10 ലക്ഷം രൂപയാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്. പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിൽ, ഉദ്യോഗസ്ഥയുടെ കൈവശമുള്ള ആകെ ആസ്തി മൂല്യം ഏകദേശം 6.76 കോടി രൂപയാണെന്നാണ് എസിബി കണക്കാക്കുന്നത്. ഇവർ കൂടുതൽ ആസ്തികൾ സമ്പാദിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായുള്ള പരിശോധനകൾ തുടരുകയാണെന്ന് അന്വേഷണസംഘം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *