മധുരപലഹാരമെന്ന് കരുതി വായിലിട്ട് കടിച്ചത് നാടൻ ബോംബ്; പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

ഭോപ്പാൽ: മധുരപലഹാരമെന്ന് കരുതി നാടൻ ബോംബ് വായിലിട്ട് കടിച്ചതിനെത്തുടർന്ന് യുവാവിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഡിൻഡോരി ജില്ലയിലാണ് സംഭവം. പടാരിയ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രി നടന്ന സംഭവത്തിൽ രാജേന്ദ്ര ബറോതിയെന്ന യുവാവാണ് മരിച്ചത്. രാജേന്ദ്ര സ്വന്തം വീട്ടിലിരിക്കുമ്പോഴാണ് പ്രതിയായ രാം ഭഗത് ബറോതിയ രസഗുളയെന്ന വ്യാജേന നാടൻ ബോംബുമായി അവിടെയെത്തിയത്.

ഇരുവരും സംസാരിക്കുന്നതിനിടെ രാം ഭഗത് രാജേന്ദ്രയ്ക്ക് രസഗുളയെന്ന് വിശ്വസിപ്പിച്ച് ഒരു വസ്തു കൈമാറി. ഇരുട്ടായിരുന്നതിനാൽ കൈയിൽ കിട്ടിയത് എന്താണെന്ന് രാജേന്ദ്രയ്ക്ക് വ്യക്തമായി മനസിലായില്ല. തുടർന്ന് ഇത് വായിലിട്ട് കടിച്ചതോടെ വലിയ സ്‌ഫോടനമുണ്ടാവുകയും രാജേന്ദ്ര സംഭവസ്ഥലത്തുതന്നെ മരിക്കുകയുമായിരുന്നു.

മൃഗങ്ങളെ കൊല്ലാൻ ഉപയോഗിക്കുന്ന നാടൻ ബോംബാണ് രാജേന്ദ്രയ്ക്ക് ഭഗത് നൽകിയതെന്നാണ് റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഒരു ആൺകുട്ടിയാണ് തനിക്ക് ബോംബ് നൽകിയതെന്ന് രാം ഭഗത് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. വ്യക്തിവൈരാഗ്യമാണോ സംഭവത്തിന് പിന്നിലെന്നതുൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *