ന്യൂഡൽഹി: അണ്ടർ 19 ഏഷ്യാകപ്പിൽ ഇന്ത്യ ഫൈനലിൽ. രണ്ടാം സെമിഫൈനലിൽ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകർത്താണ് ഇന്ത്യൻ കൗമാരപ്പട കലാശപ്പോരിന് യോഗ്യത നേടിയത്. നവംബർ 14ന് നടക്കുന്ന ഫൈനലിൽ ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയെ തോൽപ്പിച്ച പാകിസ്ഥാനെ ഫൈനലിൽ നേരിടുമ്പോൾ പകരംവീട്ടാനുള്ള അവസരം കൂടിയാണിത്.
ഒമാനിലെ അൽ അമീറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു. നോമൻ സലാർസായിയും ഷാ ഫൈസൽ റഹിമിയും 51 റൺസ് വീതം നേടി. നായകൻ സൊഹൈൽ ഖാൻ 36 റൺസ് നേടി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി ഇഷാൻ സൂദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആര്യൻ സവ്സാനി രണ്ട് വിക്കറ്റും കാവ്യ പട്ടേൽ, യശ്വർധൻ ചൗഹാൻ, അർജുൻ രാജ്പുത് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
228 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 36.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിൽ എത്തിച്ചേരുകയായിരുന്നു. ക്യാപ്റ്റൻ ലക്ഷ്യ രാജേഷ് റായ്ചന്ദാനിയുടെ തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. 90 പന്തിൽ 93 റൺസെടുത്ത ലക്ഷ്യ സെഞ്ച്വറിക്ക് ഏഴ് റൺസ് അകലെ പുറത്തായി. ഓപ്പണർ ആര്യവീർ സെവാഗ് 57 പന്തിൽ 51 റൺസെടുത്ത് മികച്ച പിന്തുണ നൽകി. വി കെ വിനീത് 57 റൺസുമായി പുറത്താകാതെ നിന്നു. എട്ട് വിക്കറ്റിന്റെ ആധികാരിക വിജയത്തോടെയാണ് ഇന്ത്യ ഫൈനൽ ഉറപ്പിച്ചത്.
ഫൈനലിൽ ഇന്ത്യയുടെ എതിരാളിയായ പാകിസ്ഥാൻ ആദ്യ സെമിഫൈനലിൽ ബംഗ്ലാദേശിനെ ഒൻപത് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 138 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിൽ പാകിസ്ഥാൻ 21.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു.