തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ ഓംപ്രകാശ് മാത്തൂർ അനുമതി നൽകി. അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നതിനാണ് അനുമതി തേടിയിരുന്നത്.
മാപ്പുകൾ കാണുക
സർക്കാരും മുഖ്യമന്ത്രിയും അനുമതി തേടി രാജ്ഭവന് കൈമാറിയ ഫയലിലാണ് ഗവർണറുടെ തീരുമാനം. മുൻ ഗവർണർ രാജേന്ദ്ര അർലേക്കറുടെ കാലത്താണ് വി. അബ്ദുറഹ്മാനെതിരെ പ്രോസിക്യൂഷൻ അനുമതി തേടി സർക്കാർ രാജ്ഭവനെ സമീപിച്ചത്. എന്നാൽ അദ്ദേഹം സ്ഥാനമൊഴിയുന്നതുവരെ ഫയലിൽ തീരുമാനമെടുത്തിരുന്നില്ല. തുടർന്ന് ചുമതലയേറ്റ പുതിയ ഗവർണർ ഓംപ്രകാശ് മാത്തൂർ വിഷയം പരിശോധിക്കുകയും നിയമോപദേശം തേടുകയും ചെയ്ത ശേഷമാണ് അനുമതി നൽകിയത്.
പ്രോസിക്യൂഷൻ അനുമതി ലഭിച്ചതോടെ മുൻ മന്ത്രിയെ കേസിൽ പ്രതിചേർത്ത് കൂടുതൽ ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള നിയമനടപടികളുമായി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നോട്ടുപോകാം. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്കും നിയമപരമായ വ്യവസ്ഥകൾ പാലിച്ച് നീങ്ങാനാകും.
വിശദമായ അന്വേഷണത്തിന് ശേഷം എസ്.ഐ.ടി സമർപ്പിച്ച റിപ്പോർട്ടിൽ വി. അബ്ദുറഹ്മാൻ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിൻ, യു. ഷറഫലി, സി. സത്യപാലൻ എന്നിവരുൾപ്പെടെ അഞ്ച് പേരെ പ്രതിചേർക്കാനാണ് ശുപാർശ ചെയ്തിരുന്നത്.
കേസിൽ ആഭ്യന്തര വകുപ്പിന്റെ അനുമതി മാത്രം മതിയെന്നായിരുന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ പ്രാഥമിക നിർദേശം. എന്നാൽ കൂടുതൽ നിയമോപദേശം തേടിയ ശേഷമാണ് രാജ്ഭവന്റെ അനുമതിക്കായി സർക്കാർ അപേക്ഷിച്ചത്.
മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് അനധികൃതമായി ടെൻഡർ നൽകി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സ്പോൺസർഷിപ്പ് അനുവദിച്ചുവെന്നാണ് എസ്.ഐ.ടി കണ്ടെത്തൽ. ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാതെ ഔദ്യോഗിക പദവിയും സർക്കാർ രേഖകളും ദുരുപയോഗം ചെയ്തതായും അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇതിന് പുറമെ ജി.എസ്.ടി തട്ടിപ്പും കോടികളുടെ സാമ്പത്തിക ക്രമക്കേടും നടന്നതായി എസ്.ഐ.ടി വിലയിരുത്തിയിട്ടുണ്ട്.