മുഖത്ത് രക്തം കല്ലിച്ച പാടുകൾ; പെരുമ്പാവൂരിൽ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം? രണ്ടാനച്ഛൻ കസ്റ്റഡിയിൽ

കൊച്ചി: പെരുമ്പാവൂരിൽ അന്യസംസ്ഥാന ദമ്പതികളുടെ മൂന്ന് വയസുള്ള കുട്ടി മരിച്ച സംഭവം കൊലപാതകമാണെന്ന് സംശയം. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രണ്ടാനച്ഛനെ പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നുരാവിലെ വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതാണെന്ന് പറഞ്ഞാണ് രണ്ടാനച്ഛൻ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ ഉച്ചയോടെ കുട്ടി മരിച്ചു.

തുടർന്ന് ഇൻക്വസ്റ്റ് നടപടികൾക്കായി പെരുമ്പാവൂർ പൊലീസ് കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ് കുട്ടിയുടെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ കണ്ടെത്തിയത്. വീടിന് മുകളിൽ നിന്ന് വീണപ്പോൾ പറ്റിയ പരിക്കാണെന്ന് രണ്ടാനച്ഛൻ പൊലീസിനോട് പറഞ്ഞു. എന്നാൽ സംശയം തോന്നിയ പൊലീസ് ഇവരുടെ വീടിന്റെ പരിസരത്തുള്ളവരോട് വിവരങ്ങൾ ചോദിച്ചു.

കുട്ടിയെ നിരന്തരം മർദിക്കാറുണ്ടായിരുന്നു എന്നാണ് അയൽവാസികളുടെ മൊഴി. തുടർന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതൊരു സ്വാഭാവിക അപകടമരണമല്ലെന്ന നിഗമനത്തിലാണ് പൊലീസ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ യഥാർത്ഥ മരണകാരണം സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *