കിലോയ്ക്ക് വില 150 കടന്നു. ചെറിയ ഉള്ളി വിലയിൽ​ വൻകുതിപ്പ്

കോലഞ്ചേരി: അടുക്കള ബജറ്റിന്റെ താളംതെറ്റിച്ച് ചെറിയ ഉള്ളി വില കുതിക്കുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയിലേക്കടുത്തതോടെ സാധാരണക്കാർ പ്രതിസന്ധിയിലായി. കിലോയ്ക്ക് 70 രൂപയായിരുന്ന ചെറിയ ഉള്ളിയുടെ ചില്ലറവില ഇന്നലെ 150 കടന്നു. വെളുത്തുള്ളി വിലയും വർദ്ധിച്ച് കിലോയ്ക്ക് 260 രൂപയിലെത്തി. ദീപാവലി വിപണിക്ക് മുന്നോടിയായി വില ഇനിയും ഉയർന്നേക്കുമെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. അതേസമയം, സവാള വിലയിൽ കാര്യമായ മാറ്റമില്ല. കിലോയ്ക്ക് 60 രൂപ നിരക്കിലാണ് വില്പന.

പുതിയ ചെറിയ ഉള്ളിയുടെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. പൊള്ളാച്ചി മാർക്കറ്റിലേക്ക് അവിനാശിപാളയം, പാലന്തുറൈ, ആനമലൈ, വരപ്പട്ടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് പ്രധാനമായും ചെറിയ ഉള്ളി എത്തുന്നത്. നിലവിൽ പഴയ സ്റ്റോക്ക് ഉള്ളിയാണ് വിപണിയിലെത്തുന്നത്. കനത്ത മഴയെ തുടർന്ന് പുതിയ വിളവെടുപ്പ് വൈകിയതാണ് ലഭ്യത കുറയാൻ കാരണം.

ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ പുതിയ ചെറിയ ഉള്ളി വിപണിയിലെത്തുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ഇതോടെ വില കിലോയ്ക്ക് 80 രൂപയിലേക്ക് താഴുമെന്നാണ് കണക്കുകൂട്ടൽ.

കനത്തമഴയിൽ വിളവെടുപ്പ് നടക്കുന്നില്ല, പഴയ സ്റ്റോക്ക് വില്പനയാണ്. ദീപാവലിയ്ക്ക് ശേഷം വില കുറയുമെന്നാണ് കൊയമ്പത്തൂരിലെ സൂപ്പർ ഹോൾസെയിലറായ ആർ.വി ഗാർലിക് ഉടമ പറഞ്ഞത്

കെ.എം. പരീക്കുട്ടി

പച്ചക്കറി വ്യാപാരി

Leave a Reply

Your email address will not be published. Required fields are marked *