മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക്; യൂട്യൂബർ മുഹമ്മദ് നിയാസ് ജൗഹറി കൂടുതൽ പെൺകുട്ടികളെ പീഡിപ്പിച്ചെന്ന് സംശയം

കൊല്ലം: പതിനാറുകാരിയെ പീഡിപ്പിച്ച യൂട്യൂബറും മതപണ്ഡിതനുമായ മുഹമ്മദ് നിയാസ് ജൗഹറി കൂടുതൽ പെൺകുട്ടികളെ ലൈംഗികമായി ചൂഷണത്തിനിരയാക്കിയെന്ന് സംശയിക്കുന്നതായി പൊലീസ്. ഇക്കാര്യത്തിൽ അടക്കം വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. പ്രതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. നിലവിൽ ഇയാൾ റിമാൻഡിലാണ്.

16കാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ അൽ ഹബീബിയ ഇസ്ളാമിക് അക്കാഡമി എന്ന സ്ഥാപനത്തിന്റെ ഡയറക്‌ടർ കൂടിയായ മുഹമ്മദ് നിയാസ് ജൗഹറിയെ ഇന്നലെയാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഈ സ്ഥാപനം കേന്ദ്രീകരിച്ച് വൻ സാമ്പത്തിക ഇടപാട് നടന്നതായും കണ്ടെത്തിയിട്ടുണ്ട്.

സ്ഥാപനം കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണത്തിന് പൊലീസ് നീക്കം തുടങ്ങി. പെൺകുട്ടിയുടെ പിതാവിന്റെ അമ്മയുടെ ദേഹത്ത് ബാധ കൂടിയിട്ടുണ്ടെന്നും ഇത് ഒഴിപ്പിക്കണമെന്നും വിശ്വസിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി. പെൺകുട്ടിയെയും മുത്തശ്ശിയെയും ഇയാൾ അൽ ഹബീബിയ ഇസ്ലാമിക് അക്കാദമിയിൽ വിളിച്ചുവരുത്തി.

അവിടെ വച്ചും ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ വച്ചും പിന്നീട് വിവിധയിടങ്ങളിൽ എത്തിച്ചും പീഡിപ്പിച്ചുവെന്നാണ് പരാതി. ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടിയുടെ മൊഴി. 2025 ഒക്ടോബർ, നവംബർ മാസങ്ങളിൽ നടന്ന സംഭവം പെൺകുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്. വ്ലോഗറും മതപ്രഭാഷകനുമായ മുഹമ്മദ് നിയാസ് ജൗഹറി സോഷ്യൽ മീഡിയയിൽ മതപ്രഭാഷണ വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും നിരവധി ഫോളോവേഴ്സ് ഇയാൾക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *