തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ കെപിസിസി പുതിയ അദ്ധ്യക്ഷനെ ഉടന്‍ പ്രഖ്യാപിച്ചേക്കും. ഔദ്യോഗിക പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാകുമെന്നാണ് സൂചനകള്‍. കെ.പി.സി.സി അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ ജില്ലാ കമ്മറ്റികളും അഴിച്ച് പണിത് സംഘടനയ്ക്ക് കൂടുതല്‍ ശക്തിയും ദിശാബോധവും നല്‍കാനാണ് ആലോചന.
സംഘടനയ്ക്ക് മുഴുവന്‍ സമയ അദ്ധ്യക്ഷന്‍ വേണമെന്ന തിരിച്ചറിവിലേക്ക് ഹൈക്കമാന്റ് കൂടി എത്തിയതോടെയാണ് കേരളത്തിലെ പുന:സംഘടനയുമായി ബന്ധപ്പെട്ട നീക്കം ശക്തമായത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയും സംഘടനയില്‍ അടിയന്തര പുനഃസംഘടന വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പല ജില്ലകളിലും പാര്‍ട്ടിയുടെ സംഘടനാ സംവിധാനം നിര്‍ജീവമാണെന്ന വിമര്‍ശനവും ഈ റിപ്പോര്‍ട്ടിലുണ്ട്. ഇതിന് പുറമേ മുല്ലപ്പള്ളിയും വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. സ്ഥിരം പ്രസിഡന്റ് ഇല്ലാത്തത് പാര്‍ട്ടിയെ സ്തംഭനാവസ്ഥയിലേക്ക് തള്ളിവിടുന്നെന്നാണ് മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടുത്തിടെ വിമര്‍ശിച്ചത്.
മാപ്പുകൾ കാണുക
അനിശ്ചിതാവസ്ഥയില്‍ തുടരുകയാണെന്നും കൃത്യസമയത്ത് രാഷ്ട്രീയ നിലപാടുകള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ പാര്‍ട്ടി പരാജയപ്പെടുന്നു എന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. അധ്യക്ഷ പദവിയിലേക്ക് എ.പി. അനില്‍കുമാര്‍, ബെന്നി ബെഹനാന്‍, ഷാഫി പറമ്പില്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരുടെ പേരുകളാണ് അന്തിമ പട്ടികയിലുള്ളത്. യുവനേതാവ് എന്ന നിലയില്‍ ഷാഫി പറമ്പിലിന്റെ പേരും കേള്‍ക്കുന്നുണ്ട്. മറ്റ് മിക്ക സംസ്ഥാനങ്ങളിലും അഭിപ്രായ സര്‍വേകളിലൂടെയാണ് ജില്ലാ അധ്യക്ഷന്മാരെ തിരഞ്ഞെടുത്തതെങ്കിലും, കേരളത്തിലും അസമിലും നേതാക്കളുടെ നേരിട്ടുള്ള അഭിപ്രായങ്ങള്‍ തേടിയാകും തീരുമാനം.