‘മുറസു’ തീരത്തേക്ക്;​ ചുഴലിക്കാറ്റിനൊപ്പം ഇരട്ട ചക്രവാതച്ചുഴിയും,​ കേരളത്തിൽ കനത്ത മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തമായ ചുഴലിക്കാറ്റായ ‘മുറസു’ തീരത്തേക്ക് നീങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസവും മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നു മുതൽ ആറാം തീയതി വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മദ്ധ്യ ബംഗാൾ ഉൾക്കടലിലും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ സമീപപ്രദേശങ്ങളിലുമായാണ് നിലവിൽ ‘മുറസു’ ചുഴലിക്കാറ്റ് തുടരുന്നത്. ഇന്ന് രാത്രി 11.30നും നാളെ പുലർച്ചെ നാലിനും ഇടയിൽ തെക്കൻ ആന്ധ്രാപ്രദേശ് തീരത്ത് ഒംഗോളിന് സമീപം നെല്ലൂരിനും നരസാപുരത്തിനും ഇടയിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാനാണ് സാദ്ധ്യത. കരയിൽ പ്രവേശിക്കുമ്പോൾ മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗതയിലും പരമാവധി 120 കിലോമീറ്റർ വേഗതയിലും കാറ്റ് വീശിയേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

കൂടാതെ, തെക്കൻ കേരളത്തിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതുകൂടാതെ, മദ്ധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക–തെക്കൻ മഹാരാഷ്ട്ര തീരത്തോട് ചേർന്നും മറ്റൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഈ കാലാവസ്ഥാ സാഹചര്യങ്ങളുടെ സ്വാധീനത്താൽ സംസ്ഥാനത്ത് വിവിധ ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ് അലർട്ടുള്ളത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ആറാം തീയതി മഞ്ഞ അലർട്ടാണ്.

02/11/2026: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

03/11/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

06/11/2026: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്

Leave a Reply

Your email address will not be published. Required fields are marked *