ടെൽഅവീവ്: ആകാശ അടിയന്തരാവസ്ഥയിൽപ്പെട്ട ഫ്ലൈദുബായ് വിമാനത്തിൽ കോ-പൈലറ്റിന്റെ അക്രമണത്തിനിരയായി പരിക്കേറ്റ ക്യാപ്റ്റന് പകരമായി, ഒരു യാത്രക്കാരനും വിമാനം നിയന്ത്രിച്ചിരുന്നു. താൻ ‘എയർ ക്രാഷ് ഇൻവെസ്റ്റിഗേഷൻ’ കാണുന്നത് വിമാനം നിയന്ത്രിക്കാൻ സഹായിച്ചുവെന്ന് ഇസ്രായേലി യാത്രികൻ യാനിവ് ഹയോൺ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് പറഞ്ഞു.
ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയിലാണ്, ഒമാൻ പൗരനെന്ന് സംശയിക്കുന്ന അക്രമിയെ യാത്രക്കാർ എങ്ങനെയാണ് കീഴ്പ്പെടുത്തിയത് എന്ന് ഈ യാത്രികൻ നെതന്യാഹുവിനോട് വിശദീകരിച്ചത്. ഗുരുതരമായി പരിക്കേറ്റെങ്കിലും കഠിന പരിശ്രമത്തിലൂടെ കോക്പിറ്റ് വാതിൽ തുറന്ന ഇന്ത്യൻ പൈലറ്റിന്റെ സഹായത്തോടെയാണ് യാത്രക്കാർ അക്രമിയെ കീഴടക്കിയത്.
"ഞാൻ തിരിച്ച് കോക്പിറ്റിലേക്ക് ചാടിക്കയറി കൺട്രോളുകൾ പിടിച്ചു വലിച്ചു…" ഹയോൺ ഹീബ്രു ഭാഷയിൽ പറഞ്ഞപ്പോൾ, നെതന്യാഹു ഇടയിൽ കയറി ചോദിച്ചു: "നിങ്ങൾ കൺട്രോളുകൾ വലിച്ചോ? നിങ്ങൾക്ക് അതറിയാമായിരുന്നോ?""അതെ, കാരണം ഞാൻ എയർ ക്രാഷ് ഇൻവെസ്റ്റിഗേഷൻസ് കാണാറുണ്ട്, മിസ്റ്റർ പ്രൈം മിനിസ്റ്റർ. അതിനുശേഷമാണ് വിമാനം കുറച്ചുകൂടി നേരെയായത്. പിന്നീട് പൈലറ്റ് എന്നോട് പറഞ്ഞു, ബാക്കി താൻ നോക്കിക്കോളാമെന്ന്," ഹയോൺ മറുപടി നൽകി. ഇത് കേട്ട് നെതന്യാഹു പൊട്ടിച്ചിരിച്ചു.
വിമാനം താഴേക്ക് കൂപ്പുകുത്തിയതിനെക്കുറിച്ച് ഹയോൺ വിവരിച്ചു. ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റ പ്രകാരം രണ്ട് മിനിറ്റിൽ താഴെ സമയംകൊണ്ട് വിമാനം 17,400 അടി താഴേക്ക് പതിച്ചിരുന്നു. വിമാനത്തിന്റെ മൂക്ക് താഴ്ന്ന നിലയിലായിരുന്നു. വിമാനത്തിലുണ്ടായിരുന്ന മറ്റ് ഇസ്രായേലി സുഹൃത്തുക്കളെ വിളിച്ചു, മറ്റ് രണ്ടുപേർ കൂടി എന്റെ അടുക്കൽ വന്നു. പൈലറ്റിന്റെ സുരക്ഷയ്ക്കായി ഞങ്ങൾ അക്രമിയെ താഴേക്ക് അമർത്തിപ്പിടിച്ചു," അദ്ദേഹം പറഞ്ഞു.
ഈ വിമാനത്തിൽ ഡ്യൂട്ടിയിലില്ലാത്ത രണ്ട് ഫ്ലൈദുബായ് പൈലറ്റുമാർ യാത്രികരായി ഉണ്ടായിരുന്നുവെന്നും, പിന്നീട് അവരാണ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതെന്നും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള തബൂക്ക് വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു.
ചരിത്രപരമായ വിമാന അപകടങ്ങൾ, റാഞ്ചലുകൾ, തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്ന കാനഡയുടെ ഒരു ഡോക്യുമെന്ററി ടെലിവിഷൻ പരമ്പരയാണ് എയർ ക്രാഷ് ഇൻവെസ്റ്റിഗേഷൻ.