യുഎസിൽ ദീപാവലി ആഘോഷം തടസെപ്പെടുത്തി പ്രതിഷേധക്കാർ: പിന്നാലെ ഹിന്ദുവിരുദ്ധ മുദ്രാവാക്യവും

വാഷിംഗ്ടൺ: യുഎസിലെ സിയാറ്റലിൽ ദീപാവലി ആഘോഷം തടസപ്പെടുത്തി തീവ്ര വലതുപക്ഷവാദികൾ. ഹിന്ദുവിരുദ്ധവും വംശീയാധിക്ഷേപവും നിറഞ്ഞ പ്ലക്കാർഡുകളുമായെത്തിയ ഒരു സംഘം, ദീപാവലി ആഘോഷം നടന്ന വേദിയിലേയ്ക്ക് കയറി അക്രമം നടത്തുകയായിരുന്നു. കൺസർവേറ്റീവ് അനുകൂലികളായ ജെയ്ക്ക് ലാംഗ്, തോമസ് അലൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെന്നാണ് റിപ്പോർട്ട്.

ശനിയാഴ്ച സിയാറ്റിൽ സെന്റർ ആർമറിയിലായിരുന്നു സംഭവം. നിരവധി ഇന്ത്യൻ കുടുംബങ്ങൾ ദീപാവലി ആഘോഷത്തിൽ പങ്കെടുക്കാനായി ഇവിടെയെത്തിരുന്നു. വേദിയിൽ പരിപാടികൾ നടക്കുന്നതിനിടെ തീവ്ര വലതുപക്ഷവാദികൾ പ്ലക്കാർഡുകളുമായെത്തുകയും പരിപാടി തടസപ്പെടുത്തുകയുമായിരുന്നു. ‘അവരെ നാടുകടത്തൂ, ഹിന്ദുക്കൾ ക്രിസ്ത്യാനികൾക്ക് പകരക്കാരാകുന്നത് അവസാനിപ്പിക്കൂ’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്ലക്കാർഡുകളിൽ ഉണ്ടായിരുന്നത്.

തുടർന്ന് ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവരും പ്രതിഷേധക്കാരും വാക്കുതർക്കമുണ്ടായി. പിന്നാലെ പ്രതിഷേധക്കാരെ പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെ ജെയ്ക് ലാംഗ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽഈ ദൃശ്യങ്ങൾ പങ്കുവയ്ക്കുകയും ഹിന്ദുക്കൾക്കെതിരെ മോശം പരാമർശങ്ങൾ നടത്തുകയും ചെയ്തു. ടെക്സാസ് സംസ്ഥാനത്ത് ഡെമോക്രാറ്റുകൾ വിജയിക്കാൻ കാരണം ഹിന്ദുക്കളാണെന്നായിരുന്നു ഇയാളുടെ വിദ്വേഷ പ്രചാരണം.

സംഭവത്തെ യുഎസ് നിയമനിർമാണ സഭ പ്രതിനിധികളും ഇന്ത്യൻ-അമേരിക്കൻ സമൂഹങ്ങളുടെ സംഘടനകളും അപലപിച്ചു. "ഈ വംശീയ അതിക്രമം അങ്ങേയറ്റം അറപ്പുളവാക്കുന്നതാണ്. ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന് ഭയമില്ലാതെ തങ്ങളുടെ പ്രധാനപ്പെട്ട ഉത്സവമായ ദീപാവലി ആഘോഷിക്കാനുള്ള അവകാശമുണ്ട്. ഇത്തരം വിദ്വേഷ പ്രചാരണങ്ങൾക്ക് ഞങ്ങളുടെ നഗരത്തിലോ രാജ്യത്തോ സ്ഥാനമില്ലെന്ന് യുഎസ് കോൺഗ്രസ് അംഗം പ്രമീള ജയപാൽ എക്സിൽ കുറിച്ചു. സമാധാനപരമായി നടന്ന ദീപാവലി ആഘോഷത്തിലേക്ക് വിദ്വേഷവുമായി കടന്നുകയറിയ നടപടി ഒട്ടും അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യൻ-അമേരിക്കൻ വ്യവസായി അജയ് ജെയിൻ ഭൂട്ടോറിയ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *