മോസ്ക്കോ: ഉക്രെയിന് തലവന്റെ ജന്മനാട്ടില് റഷ്യ നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയുടെ നഗരമായ ക്രിവി റിഹിലാണ് റഷ്യ ആക്രമണം നടത്തിയത്.
ക്രിവി റിഹിന്റെ മധ്യഭാഗത്ത് വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം. 7 വയസ്സുള്ള ഒരു ആണ്‍കുട്ടിയും 20 വയസ്സുള്ള ഒരു യുവതിയും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ആക്രമണങ്ങളില്‍ 60-ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തെത്തുടര്‍ന്ന് നാല് സ്ഥലങ്ങളില്‍ തീപിടുത്തമുണ്ടാവുകയും ഏകദേശം 25 അപ്പാര്‍ട്ട്മെന്റ് കെട്ടിടങ്ങള്‍, ഒരു ആശുപത്രി, സ്കൂളുകള്‍, ഒരു വ്യവസായ കേന്ദ്രം, കൂടാതെ വ്യാപാര സ്ഥാപനങ്ങള്‍, വാഹനങ്ങള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി റീജിയണല്‍ മിലിട്ടറി അഡ്മിനിസ്ട്രേഷന് മേധാവി ഒലെക്സാണ്ടര്‍ ഹന്‍ഷ പറഞ്ഞു.
രണ്ട് റഷ്യന്‍ മിസൈലുകളും സംശയാസ്പദമായ ഒരു ഡ്രോണും പോളണ്ടില്‍ പതിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ മിസൈല്‍ ആക്രമണം ഉണ്ടായത്. യൂറോപ്യന്‍ യൂണിയനുമായി ചേര്‍ന്ന് അമേരിക്ക ജനുവരിയില്‍ സമാധാനം കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ശക്തമായിരിക്കെയാണ് റഷ്യയുടെ ആക്രമണം. യുക്രെയ്ന് ആക്രമണങ്ങള്‍ക്ക് മറുപടിയായി മോസ്കോ നടത്തുന്ന കനത്ത പ്രത്യാക്രമണത്തിന്റെ ഭാഗമായാണ് ഈ ആക്രമണം വിലയിരുത്തപ്പെടുന്നത്.
അതേസമയം യുദ്ധത്തില്‍ സമാധാന നീക്കങ്ങള്‍ക്ക് ട്രംപ് ശ്രമിക്കുന്നുണ്ട്. ഡെമോക്രാറ്റുകള്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പ്, ജനുവരി ആദ്യത്തോടെ യുക്രെയ്നും റഷ്യയും സമാധാന കരാറില്‍ ഏര്‍പ്പെടണമെന്നാണ് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നത്. ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള നാല് പേരെ ഉദ്ധരിച്ച് പുറത്തുവന്ന പുതിയ റിപ്പോര്‍ട്ട് പ്രകാരം, യൂറോപ്യന്‍, യുക്രെയ്ന് ഉദ്യോഗസ്ഥര്‍ക്ക് ഈ സന്ദേശം ലഭിച്ചിട്ടുണ്ട്.