യുഡിഎഫിനും എൽഡിഎഫിനും നിർണായകം ; ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം

തിരുവനന്തപുരം: വി ഡി സതീശ​ന്റെ നേതൃത്വത്തിൽ യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷം നടന്ന ആദ്യ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. 60 ശതമാനമായിരുന്നു ഉപതെരഞ്ഞെടുപ്പിലെ പോളിംഗ്. രാവിലെ പത്ത് മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ നടക്കും. ഉച്ചയോടെ പൂർണഫലം ലഭ്യമായേക്കും.

ഭരണത്തിലെത്തി നാലാം മാസത്തിലെ ഉപതെരഞ്ഞെടുപ്പ് യുഡിഎഫിന്റെ ആദ്യ വിലയിരുത്തലാണെന്നാണ് പ്രതിപക്ഷം പറയുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സി പി എം തുടങ്ങിയ തെറ്റ് തിരുത്തലിന് ശ്രമങ്ങൾ ഇടത് അനുകൂല വോട്ടുകള്‍ തിരിച്ചുവരാന്‍ കാരണമായോ എന്ന പരിശോധന കൂടിയാണ്. ഭാവിയിലേക്കുള്ള ബിജെപിയുടെ സാധ്യതകളും വിലയിരുത്തപ്പെടും.

സംസ്ഥാനത്തെ 12 ജില്ലകളിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. 38 തദ്ദേശ വാർഡുകളിൽ നിലവിലെ കണക്കനുസരിച്ച് 21 എണ്ണം യു ഡി എഫിന്റെ സിറ്റിംഗ് വാർഡുകളാണ്. 13 എണ്ണം എൽ ഡി എഫിനൊപ്പം. ട്വന്റി 20 അംഗം രാജി വെച്ചതിനെ തുടർന്നുള്ള ഉപതിരഞ്ഞെടുപ്പാണ് എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തിൽ നടക്കുന്നത്. എം എൽ എമാർ രാജിവച്ചതിനെ തുടർന്ന് ഒഴിവ് വന്ന 8 തദ്ദേശ വാർഡുകളുണ്ട്. ഇതിൽ 7 ഉം യു ഡി എഫ് സിറ്റിംഗ് സീറ്റുകളാണ്. പലയിടത്തും ബി ജെ പിയും നിർണായക സാന്നിധ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *