തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഈ സീസണിലെ ആദ്യ മത്സരത്തിനായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വിഷ്ണു വിനോദാണ് ടീമിന്റെ ക്യാപ്റ്റന്‍. ഈ മാസം 11 മുതല്‍ 14 വരെ ജംഷഢ്പൂരില്‍ ഝാര്‍ഖണ്ഡിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. യുവത്വവും പരിചയസമ്പത്തും ഒരുപോലെ ഒത്തിണങ്ങിയ ശക്തമായൊരു നിരയാണ് ഇത്തവണ കേരളത്തിനായി കളത്തിലിറങ്ങുന്നത്.
ജാര്‍ഖണ്ടിന് പുറമെ ഒഡീഷ, ബംഗാള്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, സര്‍വീസസ് എന്നിവരടങ്ങുന്ന ശക്തമായ ഗ്രൂപ്പിലാണ് കേരളം ഇത്തവണ മത്സരിക്കുന്നത്. സ്വപ്നില്‍ അസ്‌നോദ്കറാണ് ഇത്തവണ കേരള ടീമിന്റെ പരിശീലകന്‍.
സച്ചിന്‍ ബേബി, രോഹന്‍ എസ്. കുന്നുമ്മല്‍, ക്യാപ്റ്റന്‍ വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, സല്‍മാന്‍ നിസാര്‍ എന്നിവരടക്കമുള്ള പരിചയസമ്പന്നര്‍ അണിനിരക്കുന്ന ബാറ്റിങ് നിരയാണ് കേരളത്തിന്റേത്.എം.ഡി. നിധീഷ്, ഏദന്‍ ആപ്പിള്‍ ടോം, ബേസില്‍ എന്‍.പി. തുടങ്ങിയവരാണ് ബൌളിങ് നിരയിലുള്ളത്. പരിചയസമ്പന്നരായ ജലജ് സക്‌സേനയും ആദിത്യ സര്‍വാതെയുമാണ് ടീമിന്റെ അതിഥി താരങ്ങള്‍.
കേരള ടീം: വിഷ്ണു വിനോദ് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), രോഹന്‍ എസ്. കുന്നുമ്മല്‍, അഭിഷേക് ജെ. നായര്‍, അഭിഷേക് പി. നായര്‍, സച്ചിന്‍ ബേബി, അഹമ്മദ് ഇമ്രാന്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ നിസാര്‍, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), ജലജ് സക്‌സേന, വൈശാഖ് ചന്ദ്രന്‍, ആദിത്യ ആനന്ദ് സര്‍വാതെ, അനുരാജ് ജെ. എസ്, അഭിജിത് പ്രവീണ്‍ വി, നിധീഷ് എം. ഡി, ഈഡന്‍ ആപ്പിള്‍ ടോം, പവന്‍ രാജ്, ബേസില്‍ എന്‍ പി.