രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; സ്പെയിനിൽ വൻ അപകടത്തിൽ 39 മരണം,​ നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ്: സ്പെയിനിലെ ടൊലീഡോ പ്രവിശ്യയിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം. സംഭവത്തിൽ ഏകദേശം 39പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നുമാണ് സൂചന. അപകടത്തെത്തുടർന്ന് മാഡ്രിഡിനെയും തെക്കൻ മേഖലയായ ആൻഡലൂഷ്യയെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ സർവീസുകൾ നിർത്തിവച്ചു.

ഇന്ന് രാവിലെ ടൊളീഡോ പ്രവിശ്യയിലെ മോറ, ഓർഗാസ് പട്ടണങ്ങൾക്ക് സമീപമാണ് അപകടമുണ്ടായത്. മാഡ്രിഡിൽനിന്ന് സെവില്ലെയിലേക്കുള്ള റൂട്ടിൽ സർവീസ് നടത്തിയിരുന്ന റെൻഫെ,​ ഐറിയോ എന്നീ കമ്പനികളുടെ അതിവേഗ ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. ഒരേ ദിശയിൽ സഞ്ചരിച്ചിരുന്ന രണ്ട് ട്രെയിനുകളാണ് കൂട്ടിയിടിച്ചതെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ ഐറിയോ ട്രെയിനിന്റെ രണ്ട് കോച്ചുകൾ പാളം തെറ്റി. ചില കോച്ചുകൾ റെയിൽപ്പാതയ്ക്കരികിലെ ചരിവിലേക്ക് പതിച്ചതായാണ് റിപ്പോർട്ട്.

അപകടസമയത്ത് ഐറിയോ ട്രെയിനിൽ ഒരു കുഞ്ഞ് ഉൾപ്പെടെ 147 യാത്രക്കാരും റെൻഫെ ട്രെയിനിൽ 397 യാത്രക്കാരുമുണ്ടായിരുന്നുവെന്നാണ് അധികൃതർ നൽകുന്ന വിവരം. പരിക്കേറ്റവരെ ചികിത്സിക്കാൻ ടൊളീഡോ, അൽകാസർ ദെ സാൻ ജുവാൻ, സിയുഡാഡ് റിയൽ എന്നിവിടങ്ങളിലെ ആശുപത്രികൾക്ക് നിർദേശം നൽകി. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി അഗ്നിരക്ഷാസേനയും മെഡിക്കൽ സംഘങ്ങളും ഉൾപ്പെടെയുള്ള അടിയന്തര സേവന വിഭാഗങ്ങൾ സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *