ശ്രീനഗർ: പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി കാമ്പസിൽ അക്രമം അഴിച്ചുവിട്ട കേസിൽ രണ്ട് വിദ്യാർത്ഥികൾ അറസ്റ്റിൽ. സാഹിൽ സിംഗ്, അന്തർക്ഷ് എന്നിവരെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റുചെയ്‌തത്. ജമ്മു കാശ്മീർ പൊലീസുമായി ചേർന്നാണ് ദോഡ ജില്ലയിലെ കോടി ഗ്രാമത്തിൽ നിന്ന് വിദ്യാർത്ഥികളെ പിടികൂടിയത്.
അക്രമ സംഭവങ്ങളിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള ഒരാൾ അടക്കം നാല് വിദ്യാർത്ഥികൾ നിലവിൽ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇവരെ കണ്ടെത്താനായി ഇന്ന് ജമ്മു കാശ്മീരിലുടനീളം വ്യാപക റെയ്ഡ് നടത്തി. മൂന്നാമത്തെ പ്രതിയായ ഫർഹത് ദേവ് എന്ന വിദ്യാർത്ഥിക്കായി പഞ്ചാബ് പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ഒരു വിദ്യാർത്ഥിനി പീഡനത്തിനിരയായി എന്നാരോപിച്ച് പ്രക്ഷോഭകാരികളായ വിദ്യാർത്ഥികളും പുറത്തുനിന്നുള്ളവരും ചേർന്ന് കാമ്പസിൽ അക്രമം അഴിച്ചുവിട്ടിരുന്നു. കോളേജ് വസ്തുവകകൾ തകർക്കുകയും പൊലീസ് വാഹനങ്ങൾക്ക് തീയിടുകയും ചെയ്ത സംഭവത്തിന് ദിവസങ്ങൾക്ക് ശേഷമാണ് പഞ്ചാബ് പൊലീസിന്റെ നടപടി. ജമ്മു കാശ്മീരിലെ വിവിധയിടങ്ങളിൽ പഞ്ചാബ് പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
കിഷ്ത്വാർ സ്വദേശിയായ മൂന്നാം പ്രതി ഫർഹത് ഫഗ്വാറയിൽ നിന്ന് കടന്നുകളഞ്ഞ് ദോഡയിലെ ബന്ധു വീട്ടിൽ ഒളിവിൽ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ പൊലീസ് എത്തുന്നതിന് മുമ്പ് ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സെപ്‌തംബർ 27,28 തീയതികളിൽ നടന്ന പ്രതിഷേധത്തിനിടയിൽ അക്രമങ്ങളിൽ ഫർഹത്, സാഹിൽ, അന്തർക്ഷ് എന്നിവർ സജീവമായി പങ്കെടുത്തതായി വ്യക്തമാക്കുന്ന നിരവധി വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
റെഡ്ഡിറ്റിൽ പ്രചരിച്ച ഒരു അഭ്യൂഹത്തിൽ നിന്നാണ് കാമ്പസിനെ പിടിച്ചുകുലുക്കിയ പ്രതിഷേധത്തിലേക്ക് കാര്യങ്ങൾ എത്തിയത്. സെപ്‌തംബർ 26,27 തീയതികളിലെ രാത്രിയിൽ ഗേൾസ് ഹോസ്റ്റലിന് സമീപം ഒരു വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായെന്നും പിന്നീട് ആത്മഹത്യ ചെയ്തുവെന്നുമായിരുന്നു സമൂഹമാദ്ധ്യമങ്ങളിലെ വ്യാജ പോസ്റ്റ്. തുടക്കത്തിൽ സമാധാനപരമായി പ്രതിഷേധം തുടങ്ങിയെങ്കിലും പിന്നീട് സ്ഥിതിഗതികൾ നിയന്ത്രണാതീതമായി. രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ ഡൽഹി അമൃത്സർ ദേശീയപാത 15 മണിക്കൂറിലധികം ഉപരോധിച്ചു.
യൂണിവേഴ്സിറ്റി വസ്തുവകകൾ അടിച്ചുതകർക്കുകയും, ജനൽ ചില്ലകൾ തകർക്കുകയും, മാളിലെ കടകൾ കൊള്ളയടിക്കുകയും, രണ്ട് പൊലീസ് വാഹനങ്ങൾക്ക് തീയിടുകയും, സിസിടിവി ക്യാമറകൾ തകർക്കുകയും ചെയ്തു. കല്ലേറിൽ നിരവധി പൊലീസുകാർക്കും മാദ്ധ്യമ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. എന്നാൽ യൂണിവേഴ്സിറ്റിയുടെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ട് ബോധപൂർവ്വം പ്രചരിപ്പിച്ച വ്യാജ വാർത്തയാണിതെന്ന് കാമ്പസ് അധികൃതർ വ്യക്തമാക്കി. സംഭവം അന്വേഷിക്കാൻ പഞ്ചാബ് പൊലീസ് ഏഴംഗ പ്രത്യേക സംഘത്തെ രൂപീകരിക്കുകയും ചെയ്‌തു. ഇതിന്റെ ഭാഗമായി സെപ്‌തംബർ 28 മുതൽ 10 ദിവസത്തേക്ക് യൂണിവേഴ്സിറ്റി ക്ലാസുകൾ നിർത്തിവെയ്ക്കുകയും മിഡ്‌ടേം പരീക്ഷകൾ മാറ്റിവെക്കുകയും ചെയ്തു.
മുഖംമൂടി ധരിച്ച് അക്രമം അഴിച്ചുവിട്ട വിദ്യാർത്ഥികളുടെ സിസിടിവി ദൃശ്യങ്ങളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന വീഡിയോകളും പൊലീസ് പരിശോധിച്ച് വരികയാണ്. വ്യാജ പോസ്റ്റ് എങ്ങനെയാണ് സോഷ്യൽമീഡിയയിൽ വൈറലായതെന്നും ആരെല്ലാമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും കണ്ടെത്താൻ പഞ്ചാബ് സൈബർ പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.