കൊല്ലം: കൊല്ലത്ത് വീണ്ടും ലോക്കപ്പ് പൂട്ടാൻ പൊലീസുകാർ മറന്നതിനെ തുടർന്ന് കഞ്ചാവ് കേസിലെ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു. കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. അഷ്ടമുടി കൽപ്പടിക്കൽ സ്വദേശി അബ്ദുൽ സലാം (37) ആണ് രക്ഷപ്പെട്ടത്.
മോഷണം, കഞ്ചാവ് കടത്ത് തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ അബ്ദുൽ സലാമിനെ ഞായറാഴ്ചയാണ് റെയിൽവേ പൊലീസ് പിടികൂടിയത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.50ഓടെ ലോക്കപ്പിന്റെ വാതിലിലെ കുറ്റി തുറന്ന് പ്രതി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടർന്ന് ജില്ലയിൽ പ്രതി രക്ഷപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്.
രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.