ചേർത്തല: യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് പത്ത് വർഷത്തിനുശേഷം പത്ത് വർഷത്തെ കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിക്ക് കോടതി. എറണാകുളം ഇലഞ്ഞി സ്വദേശി രതീഷിനെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ജഡ്ജി എ ഇന്ദു ചന്ദ്രനാണ് വിധി പ്രസ്താവിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. ഇരയായ യുവതിക്ക് നഷ്ടപരിഹാരം നൽകുന്നതിന് ലീഗൽ എയ്ഡ് സെല്ലിനെ സമീപിക്കാനും കോടതി ഉത്തരവിട്ടു. രതീഷിനെ ജില്ലാ ജയിലിലേക്ക് മാറ്റി.
2015 നവംബർ 11നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കൊച്ചിയിൽ ജോലി കഴിഞ്ഞ് ട്രെയിനിൽ ചേർത്തല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ചേർത്തല ആഞ്ഞിലിപ്പാലത്തിന് സമീപത്തുവച്ച് ബൈക്കിലെത്തിയ പ്രതി കൈവശമുണ്ടായിരുന്ന ആസിഡ് യുവതിയുടെ ദേഹത്തൊഴിച്ച് ഗുരുതരമായി പൊള്ളലേൽപ്പിക്കുകയായിരുന്നു.
കോട്ടയം പാമ്പാടി എഞ്ചിനീയറിംഗ് കോളേജിൽ ഒരുമിച്ച് പഠിച്ച ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ചേർത്തലയിലെയും തുടർന്ന് എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചേർത്തല സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ചേർത്തല സിഐ വി എസ് നവാസ് അന്വേഷണം ഏറ്റെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തു.
ആക്രമണത്തിനിടെ പ്രതിക്ക് പൊള്ളലേറ്റിരുന്നു. ഇത് നിർണായക തെളിവായി. അന്വേഷണം പൂർത്തിയാക്കി സർക്കിൾ ഇൻസ്പെക്ടർമാരായ ടോമി സെബാസ്റ്റ്യൻ, വി പി മോഹൻലാൽ എന്നിവർ ചേർന്നാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 38 സാക്ഷികളെയും 41 രേഖകളും 23 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. എറണാകുളം മെഡിക്കൽ സെന്ററിലെ പ്ലാസ്റ്റിക് സർജനെയും വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി പ്രവീൺ ഹാജരായി.