ശസ്ത്രക്രിയയ്ക്കുപിന്നാലെ മരണം; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

കോട്ടയം: ചികിത്സക്കിടെ യുവതി മരിച്ച സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവാരോപിച്ച് കുടുംബം രംഗത്ത്. ഹെർണിയ ശസ്ത്രക്രിയയക്ക് വിധേയയായി ചികിത്സയിൽ കഴിയുകയായിരുന്ന ചങ്ങനാശേരി സ്വദേശി ഹസീനയാണ് (49) മരിച്ചത്. ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി.

ആദ്യം താക്കോൽദാന ശസ്ത്രക്രിയയും പിന്നീട് വയർ തുറന്നുള്ള ശസ്ത്രക്രിയയുമാണ് നടത്തിയത്. ഇതിൽ പിഴവുണ്ടായെന്നാണ് പരാതി. ശസ്ത്രക്രിയയ്ക്കുശേഷം മൂന്ന് ദിവസം ഹസീനയ്ക്ക് പനിയും വിറയലുമുണ്ടായിരുന്നുവെന്ന് ഭർത്താവ് ഹസൻകുഞ്ഞ് പറഞ്ഞു. ആശുപത്രിയിൽ നിന്നുപറഞ്ഞ ആഹാരം മാത്രമായിരുന്നു നൽകിയത്. അവർ പറഞ്ഞ കാര്യങ്ങൾ മാത്രമായിരുന്നു പിന്തുടർന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അണുബാധയാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

സെപ്തംബർ 18നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടന്നത്. മൂന്ന് ദിവസത്തിനുശേഷം പനിയുണ്ടായതിനെത്തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചു. തുടർന്ന് താക്കോൽദാന ശസ്ത്രക്രിയ ചെയ്ത സ്ഥലത്ത് വയർ തുറന്നുള്ള ശസ്ത്രക്രിയയിലൂടെ അണുബാധ നീക്കം ചെയ്തു. ഇതിന് പിന്നാലെയാണ് ആരോഗ്യസ്ഥിതി മോശമായതെന്നാണ് കുടുംബം ആരോപിക്കുന്നത്. പരാതി പരിശോധിച്ചതിനുശേഷം അന്വേഷണം ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *